Skip to content

ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയിൽ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്

ഐസിസി ടി20 ലോകകപ്പിന് മുൻപായി ഓസ്ട്രേലിയക്കെതിരെ നടക്കുന്ന ടി20 പരമ്പരയിൽ മുൻ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയെ കാത്തിരിക്കുന്നത് തകർപ്പൻ റെക്കോർഡ്. ഈ മാസം 20 നാണ് ലോക ചാമ്പ്യന്മാരായ ഓസ്ട്രേലിയക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര ആരംഭിക്കുന്നത്. ഏഷ്യ കപ്പിലെ മികച്ച പ്രകടനത്തോടെ ഫോമിൽ തിരിച്ചെത്തിയ കോഹ്ലിയ്ക്ക് 98 റൺസ് കൂടെ നേടിയാൽ കരിയറിൽ മറ്റൊരു റെക്കോർഡ് കൂടെ സ്വന്തമാക്കാൻ സാധിക്കും.

98 റൺസ് കൂടെ നേടിയാൽ ടി20 ക്രിക്കറ്റിൽ 11000 റൺസെന്ന നാഴികക്കല്ല് പിന്നിടാൻ കിങ് കോഹ്ലിയ്‌ക്ക് സാധിക്കും. ടി20 ക്രിക്കറ്റിൽ ഇതുവരെ 349 മത്സരങ്ങളിൽ നിന്നും 5 സെഞ്ചുറിയും 80 ഫിഫ്റ്റിയുമടക്കം 40.37 ശരാശരിയിൽ 132.95 സ്ട്രൈക്ക് റേറ്റിൽ 10,902 റൺസ് കോഹ്ലി നേടിയിട്ടുണ്ട്.

14562 റൺസ് നേടിയ ക്രിസ് ഗെയ്ൽ, 11893 റൺസ് നേടിയ ഷോയിബ് മാലിക്ക്, 11829 റൺസ് നേടിയ കീറോൺ പൊള്ളാർഡ് എന്നിവരാണ് ടി20 ക്രിക്കറ്റിൽ ഇതുവരെ 11000 + റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാന്മാർ.

കൂടാതെ 63 റൺസ് കൂടെ നേടിയാൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്ക് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനായി മാറുവാൻ കോഹ്ലിയ്ക്ക് സാധിക്കും. ഇതുവരെ അന്താരാഷ്ട്ര ക്രിക്കറ്റിൽ 522 ഇന്നിങ്സിൽ നിന്നും 24002 റൺസ് കോഹ്ലി നേടിയിട്ടുണ്ട്. 599 ഇന്നിങ്സിൽ നിന്നും 24064 റൺസ് നേടിയിട്ടുള്ള രാഹുൽ ദ്രാവിഡാണ് കോഹ്ലിയ്‌ക്ക് മുൻപിൽ രണ്ടാം സ്ഥാനത്തുള്ളത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ 24208 റൺസ് നേടിയിട്ടുണ്ടെങ്കിലും ഇതിൽ 144 റൺസ് ഐസിസി, ഏഷ്യ ഇലവന് വേണ്ടി കളിക്കവെയാണ് ദ്രാവിഡ് നേടിയത്.

രാഹുൽ ദ്രാവിഡിനെ പിന്നിലാക്കിയാൽ 782 ഇന്നിങ്സിൽ നിന്നും ഇന്ത്യയ്ക്കായി 34357 റൺസ് നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാകും കോഹ്ലിയ്‌ക്ക് മുൻപിലുണ്ടാവുക.