Skip to content

ബാറ്റ് ചെയ്യുമ്പോൾ സച്ചിനോടൊന്നും പറയരുതെന്ന് ഞങ്ങൾ തമ്മിൽ പറയാറുണ്ട്, സച്ചിനെ സ്ലെഡ്ജ് ചെയ്യുവാൻ ശ്രമിക്കാതിരുന്നതിനെ കുറിച്ച് ബ്രെറ്റ് ലീ

നിർണായക മത്സരങ്ങളിൽ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറെ ഓസ്ട്രേലിയൻ ടീം സ്ലെഡ്ജ് ചെയ്യുവാൻ ശ്രമിക്കാത്തതിൻ്റെ കാരണം വെളിപ്പെടുത്തി മുൻ ഓസ്ട്രേലിയൻ പേസർ ബ്രെറ്റ് ലീ. ഓഫ് ഫീൽഡിൽ കാണുന്ന സച്ചിനെയല്ല നമ്മൾ ക്രീസിൽ കാണുന്നതെന്നും എല്ലായ്പ്പോഴും ബൗളറുമായി പോരാട്ടം ആഗ്രഹിക്കുന്ന ബാറ്റ്സ്മാനാണ് സച്ചിനെന്നും ബ്രെറ്റ് ലീ പറഞ്ഞു.

ലോക ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ എന്നെന്നും ഓസ്ട്രേലിയക്കെതിരെ മികച്ച പ്രകടനമാണ് കാഴ്ച്ചവെച്ചിട്ടുള്ളത്. ഏകദിന ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള ബാറ്റ്സ്മാനും ടെസ്റ്റ് ക്രിക്കറ്റിൽ ഓസീസിനെതിരെ ഏറ്റവും കൂടുതൽ റൺസ് നേടിയിട്ടുള്ള രണ്ടാമത്തെ ബാറ്റ്സ്മാനുമാണ് സച്ചിൻ ടെണ്ടുൽക്കർ.

ടെസ്റ്റ് ക്രിക്കറ്റിൽ ഓസ്ട്രേലിയക്കെതിരെ 74 ഇന്നിങ്സിൽ നിന്നും 55.00 ശരാശരിയിൽ 11 സെഞ്ചുറിയടക്കം 3630 റൺസ് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ ഏകദിന ക്രിക്കറ്റിൽ 9 സെഞ്ചുറിയടക്കം 3077 റൺസ് നേടിയിട്ടുണ്ട്.

” സച്ചിൻ ടെണ്ടുൽക്കർ കളിക്കളത്തിൽ ഓഫ് ഫീൽഡിൽ നിന്നും തീർത്തും വ്യത്യസ്തനാണ്. അദേഹത്തിന് നേരെ പന്തെറിയുമ്പോൾ അദ്ദേഹത്തിൻ്റെ കണ്ണുകളിലേക്ക് നോക്കുന്നു, കടുവയുടെ കണ്ണുകൾ, അവനത് വേണം, ബൗളറുമായി പോരാട്ടത്തിൽ ഏർപ്പെടാൻ അദ്ദേഹം ആഗ്രഹിക്കുന്നു. ”

” സച്ചിൻ ബാറ്റ് ചെയ്യുമ്പോൾ ഒന്നും പറയാൻ പോകരുതെന്ന് ഞങ്ങൾ പരസ്പരം പറയാറുണ്ട്. കാരണം സ്ലെഡ്ജ് ചെയ്യാൻ ശ്രമിച്ച് സച്ചിനെ പ്രകോപിതനാക്കിയാൽ അദ്ദേഹം ക്രീസിൽ എന്നെന്നേക്കുമായി ബാറ്റ് ചെയ്യുമെന്ന് ഞങ്ങൾക്കറിയാം. ” ബ്രെറ്റ് ലീ പറഞ്ഞു.