Skip to content

രക്ഷകരായി പന്തും ജഡേജയും തുടക്കത്തിലെ തകർച്ചയ്ക്ക് ശേഷം ശക്തമായി തിരിച്ചെത്തി ഇന്ത്യ, ആദ്യ ഇന്നിങ്സിൽ മികച്ച സ്കോറിലേക്ക്

ഇംഗ്ലണ്ടിനെതിരായ എഡ്ബാസ്റ്റൺ ടെസ്റ്റിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ മികച്ച സ്കോറിലേക്ക്. സെഞ്ചുറി നേടിയ റിഷഭ് പന്തിൻ്റെയും രവീന്ദ്ര ജഡേജയുടെയും മികവിലാണ് തുടക്കത്തിലെ ബാറ്റിങ് തകർച്ചയ്ക്ക് ശേഷം ഇന്ത്യ ശക്തമായി തിരിച്ചെത്തിയത്.

ആദ്യ ദിനം കളി അവസാനിക്കുമ്പോൾ 7 വിക്കറ്റ് നഷ്ടത്തിൽ 338 റൺസ് ഇന്ത്യ നേടിയിട്ടുണ്ട്. 83 റൺസ് നേടിയ രവീന്ദ്ര ജഡേജയും റണ്ണൊന്നും നേടാതെ മൊഹമ്മദ് ഷാമിയുമാണ് ക്രീസിലുള്ളത്. ഒരു ഘട്ടത്തിൽ 98 റൺസിന് അഞ്ച് വിക്കറ്റ് നഷ്ടപെട്ട ഇന്ത്യയെ പന്തും ജഡേജയുമാണ് തിരിച്ചെത്തിച്ചത്.

( Picture Source : Twitter )

ആറാം വിക്കറ്റിൽ 222 റൺസ് ഇരുവരും കൂട്ടിച്ചേർത്തു. വെറും 89 പന്തിൽ നിന്നുമാണ് റിഷഭ് പന്ത് തൻ്റെ സെഞ്ചുറി പൂർത്തിയാക്കിയത്. ടെസ്റ്റ് ക്രിക്കറ്റിലെ തൻ്റെ അഞ്ചാം സെഞ്ചുറി നേടിയ പന്ത് 111 പന്തിൽ 20 ഫോറും 4 സിക്സുമടക്കം 146 റൺസ് നേടിയാണ് പുറത്തായത്. ഇംഗ്ലണ്ടിൽ പന്ത് നേടുന്ന രണ്ടാം സെഞ്ചുറിയും ഇന്ത്യയ്ക്ക് പുറത്ത് താരം നേടുന്ന നാലാം സെഞ്ചുറിയുമാണിത്.

( Picture Source : Twitter )

ജോ റൂട്ടാണ് പന്തിൻ്റെ വിക്കറ്റ് നേടിയത്. പന്തിനും ജഡേജയ്ക്കും ഒഴികെ മറ്റാർക്കും തന്നെ ഇന്ത്യൻ നിരയിൽ പിടിച്ചുനിൽക്കാൻ സാധിച്ചില്ല. ഗിൽ 17 റൺസും പുജാര 13 റൺസും ഹനുമാ വിഹാരി 20 റൺസും വിരാട് കോഹ്‌ലി 11 റൺസും ശ്രേയസ് അയ്യർ 15 റൺസും നേടി പുറത്തായി. പന്തിന് ശേഷം ക്രീസിലെത്തിയ താക്കൂർ ഒരു റൺ നേടി പുറത്തായി.

ഇംഗ്ലണ്ടിന് വേണ്ടി ജെയിംസ് ആൻഡേഴ്സൺ മൂന്ന് വിക്കറ്റും യുവതാരം മാറ്റി പോട്ട്‌സ് രണ്ട് വിക്കറ്റും ക്യാപ്റ്റൻ ബെൻ സ്റ്റോക്സ്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

( Picture Source : Twitter )