Skip to content

ഇംഗ്ലണ്ടനെതിരായ തകർപ്പൻ സെഞ്ചുറി, ഗിൽക്രിസ്റ്റിനോ സംഗക്കാരയ്ക്കോ പോലും നേടാനാകാത്ത റെക്കോർഡ് സ്വന്തമാക്കി റിഷഭ് പന്ത്

തകർപ്പൻ പ്രകടമാണ് എഡ്ബാസ്റ്റണിൽ നടക്കുന്ന ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്ത് കാഴ്ച്ചവെച്ചത്. വെറും 89 പന്തിൽ നിന്നും സെഞ്ചുറി നേടിയ പന്ത് 111 പന്തിൽ 146 റൺസ് നേടിയാണ് പുറത്തായത്. ഈ പ്രകടനത്തോടെ സാക്ഷാൽ ഗിൽക്രിസ്റ്റിനോ കുമാർ സംഗക്കാരയ്ക്കോ പോലും നേടാൻ സാധിക്കാത്ത റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് മത്സരത്തിലെ ഇന്ത്യയുടെ വൈസ് ക്യാപ്റ്റൻ കൂടിയായ പന്ത്.

( Picture Source : Twitter )

ഇംഗ്ലണ്ടിലെ തൻ്റെ രണ്ടാം സെഞ്ചുറിയാണ് മത്സരത്തിൽ പന്ത് നേടിയത്. ഇതിന് മുൻപ് 2018 ലെ പര്യടനത്തിൽ ലണ്ടനിലെ ഓവലിൽ പന്ത് സെഞ്ചുറി നേടിയിരുന്നു. ഇപ്പോൾ എഡ്ബാസ്റ്റണിലും സെഞ്ചുറി നേടിയതോടെ ഇംഗ്ലണ്ടിൽ രണ്ട് ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ വിദേശ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനെന്ന റെക്കോർഡ് റിഷഭ് പന്ത് സ്വന്തമാക്കി.

സാക്ഷാൽ ആദം ഗിൽക്രിസ്റ്റ് അടക്കമുള്ള 14 വിദേശ വിക്കറ്റ് കീപ്പർമാർ ഇംഗ്ലണ്ട് മണ്ണിൽ ഒരു സെഞ്ചുറി നേടിയിട്ടുണ്ടെങ്കിലും ആർക്കും തന്നെ രണ്ടാം സെഞ്ചുറി ഇംഗ്ലണ്ടിൽ നേടുവാൻ സാധിച്ചിട്ടില്ല.

( Picture Source : Twitter )

എഡ്ബാസ്റ്റണിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ഇന്ത്യൻ ബാറ്റ്സ്മാൻ കൂടിയാണ് റിഷഭ് പന്ത്. ഇതിനുമുൻപ് 1996 ൽ സച്ചിൻ ടെണ്ടുൽക്കറും 2018 ൽ വിരാട് കോഹ്ലിയും ഈ സ്റ്റേഡിയത്തിൽ സെഞ്ചുറി നേടിയിരുന്നു. വെറും 89 പന്തിൽ സെഞ്ചുറി നേടിയ പന്ത് ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും വേഗതയേറിയ സെഞ്ചുറി നേടിയ ഇന്ത്യൻ വിക്കറ്റ് കീപ്പറെന്ന നേട്ടവും സ്വന്തമാക്കി. പാകിസ്ഥാനെതിരെ 93 പന്തിൽ സെഞ്ചുറി നേടിയ എം എസ് ധോണിയെയാണ് പന്ത് പിന്നിലാക്കിയത്.

( Picture Source : Twitter )

ഏഷ്യയ്‌ക്ക് പുറത്ത് ഒരു ഇന്ത്യൻ താരം നേടുന്ന ഏറ്റവും വേഗമേറിയ മൂന്നാമത്തെ ടെസ്റ്റ് സെഞ്ചുറിയാണിത്. 2006 ൽ വെസ്റ്റിഡീസിനെതിരെ 78 സെഞ്ചുറി നേടിയ വീരേന്ദർ സെവാഗും 1990 ൽ ലോർഡ്സിൽ 88 പന്തിൽ സെഞ്ചുറി നേടിയ മൊഹമ്മദ് അസറുദ്ധീനുമാണ് ഈ നേട്ടത്തിൽ പന്തിന് മുൻപിലുള്ളത്.

( Picture Source : Twitter )