Skip to content

ക്യാച്ചിൽ സെഞ്ചുറിയടിച്ച് വിരാട് കോഹ്ലി, തകർപ്പൻ നേട്ടത്തിൽ രാഹുൽ ദ്രാവിഡിനും സച്ചിനുമൊപ്പം

ടെസ്റ്റ് ക്രിക്കറ്റിൽ 100 ക്യാച്ചുകൾ പൂർത്തിയാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി. കേപ് ടൗണിൽ നടന്നുകൊണ്ടിരിക്കുന്ന ദക്ഷിണാഫ്രിക്കയ്ക്കെതിരായ മൂന്നാം ടെസ്റ്റിൽ ടെംബാ ബാവുമയുടെ ക്യാച്ച് നേടിയാണ് ഈ നാഴികക്കല്ല് വിരാട് കോഹ്ലി പൂർത്തിയാക്കിയത്. ടെസ്റ്റിൽ 100 ക്യാച്ചുകൾ നേടുന്ന ആറാമത്തെ ഇന്ത്യൻ ഫീൽഡറാണ് കോഹ്ലി. ഇതുകൂടാതെ മറ്റൊരു അപൂർവ്വനേട്ടത്തിൽ രാഹുൽ ദ്രാവിഡിനും സച്ചിൻ ടെണ്ടുൽക്കർക്കൊപ്പമെത്താനും കോഹ്ലിയ്ക്ക് സാധിച്ചു.

( Picture Source : Twitter )

ആദ്യ ഇന്നിങ്സിൽ 210 റൺസിന് ദക്ഷിണാഫ്രിക്കയെ ഓൾ ഔട്ടാക്കിയ ഇന്ത്യ 13 റൺസിൻ്റെ ലീഡ് സ്വന്തമാക്കി. 42 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയാണ് ആദ്യ ഇന്നിങ്സിൽ ദക്ഷിണാഫ്രിക്കയെ ചുരുക്കികെട്ടിയത്. ഉമേഷ് യാദവും മൊഹമ്മദ് ഷാമിയും രണ്ട് വിക്കറ്റ് വീതം നേടിയപ്പോൾ ഷാർദുൽ താക്കൂർ ഒരു വിക്കറ്റ് നേടി. 166 പന്തിൽ 72 റൺസ് നേടിയ കീഗൻ പീറ്റേഴ്സൺ മാത്രമാണ് സൗത്താഫ്രിക്കയ്ക്ക് വേണ്ടി തിളങ്ങിയത്.

( Picture Source : Twitter )

ടെസ്റ്റ് ക്രിക്കറ്റിലും 100 ക്യാച്ചുകൾ പൂർത്തിയാക്കിയതോടെ ടെസ്റ്റിലും ഏകദിനത്തിലും 100 ക്യാച്ചുകൾ നേടുന്ന നാലാമത്തെ ഇന്ത്യൻ ഫീൽഡറായി ( നോൺ വിക്കറ്റ് കീപ്പർമാർ) കോഹ്ലി മാറി. കോഹ്ലിയ്ക്ക് മുൻപ് മൊഹമ്മദ് അസറുദ്ധീൻ, രാഹുൽ ദ്രാവിഡ്, സച്ചിൻ ടെണ്ടുക്കർ എന്നിവരാണ് ടെസ്റ്റിലും ഏകദിനത്തിലും 100 ലധികം ക്യാച്ച് നേടിയിട്ടുള്ളത്.

( Picture Source : Twitter )

ടെസ്റ്റിൽ 100 ക്യാച്ച് നേടുന്ന ആറാമത്തെ ഇന്ത്യൻ ഫീൽഡറാണ് കോഹ്ലി. 210 ക്യാച്ച് നേടിയ രാഹുൽ ദ്രാവിഡ്, 135 ക്യാച്ച് നേടിയ വി വി എസ് ലക്ഷ്മൺ, 115 ക്യാച്ച് നേടിയിട്ടുള്ള സച്ചിൻ ടെണ്ടുൽക്കർ, 108 ക്യാച്ച് നേടിയ സുനിൽ ഗവാസ്കർ, 105 ക്യാച്ച് നേടിയ മൊഹമ്മദ് അസഹറുദ്ദീൻ എന്നിവരാണ് കോഹ്ലിയ്ക്ക് മുൻപ് ടെസ്റ്റിൽ 100 ക്യാച്ചുകൾ നേടിയിട്ടുള്ള ഇന്ത്യൻ ഫീൽഡർമാർ.

( Picture Source : Twitter )