Skip to content

ടോസ്സും ക്രിക്കറ്റും 

ടോസ്… ഒരു ക്രിക്കറ്റ്‌ മത്സരത്തിന് അരങ്ങുണരുമ്പോൾ കാണികളുടെ മനസിലേക്ക് അലയടിക്കുന്ന ആദ്യ പടി…

ഒരു ക്രിക്കറ്റ് മത്സരം ആരംഭിക്കുന്നതിന്റെ അരമണിക്കൂർ മുൻപാണ് ടോസ്സ് നിശ്ചയിക്കുന്നത്.

പ്രഫഷണൽ ക്രിക്കറ്റിൽ അല്ലെങ്കിൽ രാജ്യാന്തര ക്രിക്കറ്റിൽ പല സന്ദർഭങ്ങളിലും ടോസ് വളരെ പ്രാധാന്യമർഹിക്കുന്ന ഒരു ഘടകമാണ്. പ്രത്യേകിച്ച് രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റ് മത്സരങ്ങളിൽ. ക്രിക്കറ്റിന്റെ ഏത് ഫോർമാറ്റിലും ടോസ്സ് നേടുന്ന ടീമിന് ഒരു പ്രയോജനം ഉണ്ടായിരിക്കും. ആധുനിക ക്രിക്കറ്റിൽ പ്രകടനത്തോടൊപ്പം തന്നെ പ്രാധാന്യം അർഹിക്കുന്ന ഒരു പ്രധാന ഘടകം ആണ് ടോസ്സ്,പ്രത്യേകിച്ചും ഉപഭൂഖണ്ഡങ്ങളിൽ നടക്കുന്ന ടെസ്റ്റ് മത്സരങ്ങളിലും, ഏകദിന മത്സരങ്ങളിലും ടോസ്സിന് വളരെയേറെ പ്രാധാന്യം അർഹിക്കുന്നുണ്ട്. 

ഇനി ടോസ്സിന്റെ ചരിത്രം പരിശോധിക്കാം

1744 ൽ ആദ്യം പ്രസിദ്ധീകരിക്കപ്പെട്ട നിയമങ്ങളിൽ, ടോസ്സ് നേടിയ ടീമിന് ഏത് പിച്ച് തിരഞ്ഞെടുക്കണം എന്ന അധികാരവും അതിനു പുറമെ ആദ്യം ബാറ്റ് ചെയ്യണോ ഫീൽഡ് ചെയ്യണോ എന്ന് തിരഞ്ഞെടുക്കാനുമുള്ള അധികാരമുണ്ടായിരുന്നു. എന്നാൽ 30 വർഷങ്ങൾക്ക് ശേഷം അതായത് 1774 ൽ ഈ രീതി മാറ്റി പിച്ച് തിരഞ്ഞെടുക്കുന്നതും ആദ്യം ബാറ്റ് ചെയ്യണോ വേണ്ടെയോ എന്ന അധികാരം സന്ദർശക ടീമിന് നൽകി..1809 മുതലാണ് ഇന്ന് കാണുന്ന ടോസ്സ് നിയമം വന്നത് ടോസ്സ് ലഭിക്കുന്ന ടീമിന് ആദ്യം ബാറ്റ് ചെയ്യണോ അല്ലെങ്കിൽ ഫീൽഡ് ചെയ്യണോ എന്നത് ടോസ് നേടുന്ന ക്യാപ്റ്റന്റെ അധികാരമായത്…

രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിന്റെ ചരിത്രത്തിൽ ഏറ്റവും കൂടുതൽ ടോസ്സ് വിജയിച്ചു എന്ന റെക്കോർഡ് ഇപ്പോഴും മുൻ സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഗ്രെയിം സ്മിത്തിന്റെ പേരിലാണ്.2003 മുതൽ 2014 വരെ 109 ടെസ്റ്റ് മത്സരങ്ങളിൽ ഗ്രെയിം സ്മിത്ത് സൗത്താഫ്രിക്കൻ ടീമിനെ നയിച്ചിട്ടുണ്ട്. അക്കാലയളവിൽ 60 ടോസ്സുകൾ ആണ് ഗ്രെയിം സ്മിത്ത് വിജയിച്ചത്.രാജ്യാന്തര ഏകദിന ക്രിക്കറ്റിന്റെ ചരിത്രത്തിലേക്ക് വരുമ്പോൾ മുൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിംഗിന്റെ പേരിലാണ് ഏറ്റവും കൂടുതൽ ടോസ്സ് വിജയിച്ചു എന്ന റെക്കോർഡ്. 220 ഏകദിന മത്സരങ്ങളിൽ റിക്കി പോണ്ടിംഗ് ഓസ്ട്രേലിയയുടെ ഏകദിന ടീമിനെ നയിച്ചിട്ടുണ്ട്. അക്കാലയളവിൽ 124 ടോസ്സുകൾ പോണ്ടിംഗ് വിജയിച്ചിട്ടുണ്ട്. രാജ്യാന്തര ക്രിക്കറ്റിന്റെ ചരിത്രത്തിൽ എല്ലാ ഫോർമാറ്റിൽ നിന്നും ഏറ്റവും കൂടുതൽ ടോസ്സ് വിജയിച്ച നായകൻ എന്ന റെക്കോർഡ് ഇപ്പോഴും റിക്കി പോണ്ടിംഗിന്റെ പേരിൽ തന്നെയാണ്. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നുമായി പോണ്ടിംഗ് 320 മത്സരങ്ങളിൽ ഓസ്ട്രേലിയൻ ടീമിന്റെ ക്യാപ്റ്റനായി. അതിൽ 170 ടോസ്സുകളും പോണ്ടിംഗ് വിജയിച്ചു.

(Win-Loss Toss Ratio Of 52.47) രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ടോസ്സ് വിജയിച്ച (60) ക്യാപ്റ്റനും, ഏറ്റവും കൂടുതൽ ടോസ്സ് നഷ്ടപ്പെട്ട (49) ക്യാപ്റ്റനും ഗ്രെയിം സ്മിത്താണ്. ഏകദിനത്തിൽ ഏറ്റവും കൂടുതൽ ടോസ്സ് നഷ്ടപ്പെട്ടു എന്ന റെക്കോർഡിന് ഉടമ മുൻ കിവീസ് ക്യാപ്റ്റൻ സ്റ്റീഫൻ ഫ്ളെമിംങ്ങാണ്. 1997 മുതൽ 2007 വരെ സ്റ്റീഫൻ ഫ്ളെമിംങ്ങ് കിവീസ് ടീമിനെ നയിച്ചിട്ടുണ്ട്. അക്കാലയളവിൽ 112 ടോസ്സുകളാണ് ഫ്ളെമിംങ്ങിന് നഷ്ടമായത്.ക്രിക്കറ്റിന്റെ 3 ഫോർമാറ്റിലും ഏറ്റവും കൂടുതൽ ടോസ്സ് നഷ്ടപ്പെട്ട ക്യാപ്റ്റനും സ്റ്റീഫൻ ഫ്ളെമിംങ്ങ് തന്നെയാണ് 156 ടോസ്സുകൾ.

ഇനി ടോസ്സ് നാണയത്തിലേക്ക്

ടോസ്സിനായി ഉപയോഗിക്കുന്ന നാണയം സാധാരണയായി നിക്കൽ അല്ലെങ്കിൽ അലോയ്ഡ് ലോഹത്തിൽ നിന്നാണ് നിർമ്മിച്ചിരിക്കുന്നത്.

സാധാരണയായുള്ള ഒരു ക്രിക്കറ്റ് പരമ്പരയിൽ, ഹോം ടീമുകളുടെ കറൻസി തന്നെയാണ് ടോസ്സിനായി ഉപയോഗിക്കുന്നത്.എന്നിരുന്നാലും, ചില പ്രത്യേക നാണയങ്ങൾ ടോസ്സിന് ഉപയോഗിക്കാറുണ്ടായിരുന്നു,

അവയിൽ ചിലത് താഴെ കൊടുക്കുന്നു


നമ്മുടെ രാഷ്ട്ര പിതാവായ മഹാത്മാഗാന്ധിയുടെ 146-ാം ജന്മവാർഷികദിനത്തിൽ ബിസിസിഐ മഹാത്മാഗാന്ധിയുടെയും, നെൽസൻ മണ്ടേലയുടെയും ചിത്രങ്ങൾ ലോഹത്തിൽ പതിപ്പിച്ച ടോസ്സ് നാണയങ്ങൾ പുറത്തിറക്കുകയുണ്ടായി. അതിൽ നാണയത്തിന്റെ Heads ഭാഗത്ത് നെൽസൻ മണ്ടേലയും ,മഹാത്മ ഗാന്ധിയും, Tail ഭാഗത്ത് Freedom Series എന്നുമാണ് ഉണ്ടായിരുന്നത്.ഇന്ത്യയും, സൗത്താഫ്രിക്കയും തമ്മിലുള്ള ഏകദിന ,ടെസ്റ്റ്, ട്വന്റി ട്വന്റി പരമ്പരകൾക്കാണ് ഈ പ്രത്യേകതരം നാണയങ്ങൾ ഉപയോഗിക്കുന്നത്.

മഹാത്മാഗാന്ധിക്കും, നെൽസൻ മണ്ടേലക്കും ഉള്ള ആദരകസൂചകമായി 2015 ൽ ബിസിസിഐ, ക്രിക്കറ്റ് സൗത്താഫ്രിക്കയും ചേർന്ന് ഇന്ത്യ – ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് പരമ്പരകൾക്ക് Freedom Series എന്ന് നാമകരണം ചെയ്തു.അന്നത്തെ ബിസിസിഐ പ്രസിഡന്റ് ആയ അനുരാഗ് ഠാക്കൂർ ഈ നാണയം പുറത്തിറക്കിയപ്പോൾ പറഞ്ഞ കാര്യം ഇങ്ങനെ

“This is our small way to pay homage to Gandhiji as we celebrate his 146th birth anniversary. Mahatma Gandhi and Nelson Mandela proved to the world that freedom could be achieved through the path of non-violence – a true symbol of peace, truth and harmony. This coin will keep reminding everyone about the teachings of both the great leaders and also the strong bond India and South Africa share historically,”

ക്രിക്കറ്റ് ദൈവം സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറിന്റെ 199th ടെസ്റ്റ് മത്സരത്തിന് CAB 10 ഗ്രാം ഉള്ള സ്വർണ്ണ ടോസ്സ് നാണയം പുറത്തിറക്കിയിരുന്നു. അതിൽ Heads ഭാഗത്ത് സച്ചിന്റെ മുഖ ചിത്രം ആണ് ഉപയോഗിച്ചത്. സച്ചിന്റെ 200th ടെസ്റ്റ് മത്സരത്തിന് ഉപയോഗിച്ചതും MCA പുറത്തിറക്കിയ സച്ചിന്റെ മുഖം പതിപ്പിച്ച പ്രത്യേക സ്വർണ നാണയമായിരുന്നു.

ഐ പി എൽ, ഏകദിന ക്രിക്കറ്റ് ലോകകപ്പുകൾ എന്നീ പ്രധാനപ്പെട്ട ആഭ്യന്തര – രാജ്യാന്തര ക്രിക്കറ്റ് ടൂർണമെന്റുകൾക്കും പ്രത്യേക ടോസ്സ് നാണയങ്ങൾ ഉപയോഗിച്ച് വരുന്നുണ്ട്