Skip to content

ഗ്രാൻഡ്‌ഹോമിന്റെ വെടിക്കെട്ടിൽ പാക്കിസ്ഥാന് തോൽവി

ഹാമിൽട്ടൺ : ചാമ്പ്യൻസ് ട്രോഫി ജേതാക്കളായ പാകിസ്താനെ ഇടവും വലവും നോക്കാതെ ഏഴാമനായി ബാറ്റിങ്ങിനിറങ്ങിയ ഡി ഗ്രന്ടഹോം പഞ്ഞിക്കിട്ടപ്പോൾ സീരിസിൽ നാലാം മത്സരവും സ്വന്തമാക്കി ന്യൂസിലാൻഡ്. 263 വിജയ ലക്ഷ്യം പിന്തുടർന്ന ന്യൂസിലാൻഡ് 25 പന്തുകൾ ബാക്കി നിൽക്കെ 5 വിക്കറ്റിന് ജയം സ്വന്തമാക്കി

ആദ്യ മൂന്ന് മത്സരങ്ങളും പരാജയപ്പെട്ട പാക്കിസ്ഥാൻ നാലാം ഏകദിനത്തിൽ ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഫഹീം അഷ്‌റഫ് (1) ബാബർ അസം (3)എന്നിവരെ തുടക്കത്തിൽ തന്നെ മടക്കി അയച്ച് ടിം സൗത്തീ ബോളിങ് തുടങ്ങിയപ്പോൾ ഫഖർ സമാൻ 75 പന്തിൽ 54 റൺസും തിരിച്ചു വരവ് മത്സരത്തിൽ 74 പന്തിൽ 50 റൺസും നേടി പാക്കിസ്ഥാൻ ബാറ്റിംഗ് കൂടുതൽ തകർച്ച ഇല്ലാതെ കര കയറ്റി. ഇരുവരും വീണപ്പോൾ ടീമിന്റെ സ്കോറിങ് ഏറ്റെടുത്ത മുഹമ്മദ് ഹഫീസ് 80 പന്തിൽ 5 ഫോറും നാല് സിക്സും അടക്കം 81 റൺസ് നേടി.

സീരിസിൽ ഫോം ഔട്ട് ആയിരുന്ന ക്യാപറ്റൻ സർഫറാസ് അഹമ്മദ് 46 പന്തിൽ 51 റൺസ് കൂടി നേടിയപ്പോൾ പാക്കിസ്ഥാൻ 50 ഓവറിൽ വിക്കറ്റ് നഷ്ടത്തിൽ 262 റൺസ് നേടി. മികച്ച രീതിയിൽ പന്തെറിഞ്ഞ ടിം സൗത്തീ 44 റൺസിന്‌ മൂന്ന് വിക്കറ്റ് നേടിയപ്പോൾ ന്യൂസിലാൻഡ് ക്യാപ്റ്റൻ കെയ്ൻ വില്യംസൺ 32 റൺസ് വഴങ്ങി 2 വിക്കറ്റ് നേടി.

ലക്ഷ്യം പിന്തുടർന്ന് ബാറ്റിംഗ് തുടങ്ങിയ ന്യൂസിലാൻഡ് മികച്ച രീതിയിൽ ബാറ്റിംഗ് തുടങ്ങി. ആദ്യ 14 ഓവറിൽ 88 റൺസാണ് വിക്കറ്റ് നഷ്ടം കൂടാതെ ന്യൂസിലാൻഡ് നേടിയത്. എന്നാൽ ആറു ഓവറുകൾക്കുള്ളിൽ ആദ്യ നാല് വിക്കറ്റുകൾ നേടി പാക്കിസ്ഥാൻ കളിയിലേക്ക് തിരിച്ചു വന്നു. കോളിൻ മൺറോ 42 പന്തിൽ 56 റൺസ് നേടി ആദ്യം പുറത്തായപ്പോൾ മാർട്ടിൻ ഗുപ്റ്റിൽ (31) റോസ് ടെയ്‌ലർ (1) ടോം ലാന്തം (8)എന്നിവരും പിന്നാലെ വീണു.

പിനീട് ക്രീസിൽ ഒന്നിച്ച വില്യംസൺ നിക്കോളാസ് സഖ്യം 55 റൺസ് കൂടി കൂട്ടി ചേർത്തു. 32 റൺസ് നേടി വില്യംസൺ 35 ആം ഓവറിൽ വീണപ്പോൾ ന്യൂസിലാൻഡ് ടീമിന് ജയിക്കാൻ 90 പന്തിൽ 109 റൺസ്. ഏഴാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങിയ ഡി ഗ്രന്ടഹോം വെറും 45 മിനിറ്റ് കൊണ്ട് വിജയം ന്യൂസിലാൻഡ് ടീമിന് നേടി കൊടുത്തു. 40 പന്തുകൾ മാത്രം നേരിട്ട് പുറത്താവാതെ 7 ഫോറും 5 സിക്സും അടക്കം 74 റൺസ് നേടി. മറു വശത്ത് ശ്രദ്ധയോടെ ബാറ്റ് വീശിയ നിക്കോളാസ് 52 റൺസ് നേടി പുറത്താവാതെ നിന്നു. സീരിസിൽ അവസാന മത്സരത്തിൽ വൈറ്റ് വാഷിൽ നിന്നും രക്ഷ നേടാൻ വിജയം പാക്കിസ്ഥാൻ ടീമിന് അനിവാര്യമാണ്.