Skip to content

അതുകൊണ്ടാണ് ഞാൻ ഇന്ത്യയിൽ നിന്നും മടങ്ങിയത് ! വിവാദത്തിൽ പ്രതികരിച്ച് പാകിസ്ഥാൻ അവതാരിക

ഐസിസി ഏകദിന കപ്പ് കവറേജിനായി ഇന്ത്യയിൽ എത്തിയതിന് പിന്നാലെ തിരിച്ചുപോകേണ്ടിവന്നതിൽ പ്രതികരിച്ച് പാകിസ്ഥാൻ അവതാരിക സൈനബ് അബ്ബാസ്. ഐസിസിയുടെ അവതാരിക എത്തിയ സൈനബയെ പഴയ ഹിന്ദു വിരുദ്ധ പോസ്റ്റുകൾ വിവാദമായതിനെ തുടർന്ന് ഇന്ത്യയിൽ നിന്നും മടക്കി അയച്ചുവെന്നായിരുന്നു റിപ്പോർട്ടുകൾ ഉണ്ടായിരുന്നത്.

വർഷങ്ങൾക്ക് മുൻപ് പങ്കുവെച്ച പോസ്റ്റുകളാണ് ലോകകപ്പിൻ്റെ തുടക്കസമയത്ത് വീണ്ടും ചർച്ചാ വിഷയമായത്. ഇതിന് പിന്നാലെ അവർ ഇന്ത്യയിൽ നിന്നും മടങ്ങുകയും ചെയ്തിരുന്നു. എന്നാൽ ഇന്ത്യ അവതാരികയെ നാടുകടത്തിയെന്നായിരുന്നു പാക് മാധ്യമങ്ങൾ അടക്കം റിപ്പോർട്ട് ചെയ്തത്.

എന്നാൽ ഇന്ത്യ തന്നെ നാടുകടത്തുകയോ മറ്റോ ചെയ്തിട്ടില്ലയെന്നും പക്ഷേ തൻ്റെ സുരക്ഷയിൽ ആശങ്ക ഉണ്ടാകുമെന്ന വീട്ടുകാരുടെ ഭയം കൊണ്ടാണ് താൻ ഇന്ത്യയിൽ മടങ്ങിയതെന്നും ഈ പോസ്റ്റുകൾ തൻ്റേത് തന്നെയാണെന്നും പക്ഷേ ആ നിലപാട് ഇപ്പോൾ തനിക്ക് ഇല്ലെന്നും സൈനബ പറഞ്ഞു.

” എന്നോട് ഇന്ത്യ വിടാൻ പറയുകയോ നാടുകടത്തുകയോ ചെയ്തിട്ടില്ല. ഓൺലൈനിൽ ലഭിക്കുന്ന പ്രതികരണത്തിൽ എനിക്ക് ഭയം തോന്നി. ആ സമയത്ത് സുരക്ഷയ്ക്ക് ഭീഷണി ഉയർന്നില്ലയെങ്കിലും എൻ്റെ വീട്ടുകാരും കൂട്ടുകാരും ആശങ്കയിലായിരുന്നു. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കാൻ എനിക്ക് സമയം ആവശ്യമായിരുന്നു. ”

” പ്രചരിച്ച പോസ്റ്റുകൾ മൂലമുണ്ടായ വേദന ഞാൻ മനസ്സിലാക്കുകയും ഖേദിക്കുകയും ചെയ്യുന്നു. ആ നിലപാടുകളെയോ പ്രസ്താവനകളെയോ ഇന്ന് ഞാൻ അംഗീകരിക്കുന്നില്ല. ആ ഭാഷയ്ക്ക് ഞാൻ ഒഴിവുകഴിവുകൾ പറയുന്നില്ല. അത് വേദനപ്പിച്ചുവെങ്കിൽ ആത്മാർഥമായി ക്ഷമ ചോദിക്കുന്നു. ” അവർ സോഷ്യൽ മീഡിയയിൽ കുറിച്ചു.