Skip to content

സന്നാഹത്തിലും വെടിക്കെട്ട് തന്നെ !! തകർപ്പൻ വിജയവുമായി നിലവിലെ ചാമ്പ്യന്മാർ

ഐസിസി ഏകദിന ലോകകപ്പ് സന്നാഹ മത്സരത്തിൽ ബംഗ്ലാദേശിനെതിരെ അനായാസ വിജയവുമായി നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ഗുവാഹത്തിയിൽ നടന്ന മത്സരത്തിൽ 4 വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിൻ്റെ വിജയം.

മഴമൂലം 37 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 189 റൺസിൻ്റെ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇംഗ്ലണ്ട് 24.1 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ വിജയലക്ഷ്യം മറികടന്നു. സന്നാഹ മത്സരം ആണെങ്കിൽ കൂടിയും പതിവ് പോലെ ആക്രമണ ശൈലിയിലാണ് ഇംഗ്ലണ്ട് ബാറ്റ് വീശിയത്. ജോണി ബെയർസ്റ്റോ 21 പന്തിൽ 34 റൺസ് നേടിയപ്പോൾ ക്യാപ്റ്റൻ ജോസ് ബട്ട്ലർ 15 പന്തിൽ 30 റൺസും മോയീൻ അലി 39 പന്തിൽ 56 റൺസും നേടി. ജോ റൂട്ട് 40 പന്തിൽ 26 റൺസ് നേടി പുറത്താകാതെ നിന്നു.

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് 89 പന്തിൽ 74 റൺസ് നേടിയ മെഹിദി ഹസൻ്റെയും 45 റൺസ് നേടിയ തൻസിദ് ഹസൻ്റെയും മികവിലാണ് 37 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 188 റൺസ് നേടിയത്. ഇംഗ്ലണ്ടിനായി റീസെ ടോപ്ലെ മൂന്ന് വിക്കറ്റും ഡേവിഡ് വില്ലി, ആദിൽ റഷീദ് എന്നിവർ രണ്ട് വിക്കറ്റ് വീതവും നേടി.

ലോകകപ്പിലെ ആദ്യ മൽസരത്തിൽ ന്യൂസിലൻഡുമായി ഇംഗ്ലണ്ട് ഏറ്റുമുട്ടും. കഴിഞ്ഞ ലോകകപ്പിലെ ഫൈനൽ പോരാട്ടത്തിൻ്റെ ആവർത്തനത്തോടെ ഇക്കുറി ലോകകപ്പ് ആരംഭിക്കുന്നത്.