Skip to content

അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടവുമായി റാഷിദ് ഖാൻ

ഇന്റർനാഷണൽ ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ഒമ്പതാമത്തെ ബൗളറായി അഫ്ഘാനിസ്ഥാൻ സ്പിന്നർ റാഷിദ് ഖാൻ . അയർലൻഡിനെതിരായ ടെസ്റ്റ് മത്സരത്തോടെയാണ് ഈ ചരിത്രനേട്ടം സ്വന്തമാക്കിയത് . ആദ്യ ഇന്നിങ്‌സിൽ രണ്ട് വിക്കറ്റ് മാത്രം വീഴ്ത്തിയ റാഷിദ് ഖാൻ രണ്ടാം ഇന്നിങ്‌സിൽ 82 റൺസ് വഴങ്ങി അഞ്ച് വിക്കറ്റുകൾ വീഴ്ത്തി . അന്താരാഷ്ട്ര ക്രിക്കറ്റിൽ അഫ്ഘാനിസ്ഥാന് വേണ്ടി ഇത് ഏഴാം തവണയാണ് റാഷിദ് ഖാൻ അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത് .

ഇതുവരെ 38 അന്താരാഷ്ട്ര ട്വന്റി20യിൽ നിന്നും 75 വിക്കറ്റും 57 ഏകദിനത്തിൽ നിന്നും 123 വിക്കറ്റും റാഷിദ് ഖാൻ നേടിയിട്ടുണ്ട് .

2009 ൽ പാകിസ്ഥാൻ ഫാസ്റ്റ് ബൗളർ ഉമർ ഗുല്ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിലും അഞ്ച് വിക്കറ്റ് നേട്ടം സ്വന്തമാക്കുന്ന ബൗളറെന്ന ചരിത്രനേട്ടം സ്വന്തമാക്കിയത് . തുടർന്ന് 2011 ൽ ന്യൂസിലാൻഡ് ബൗളർ ടിം സൗത്തീ, ശ്രീലങ്കൻ സ്പിന്നർ അജന്ത മെൻഡിസ്, 2012 ൽ ലസിത് മലിംഗ എന്നിവരും ഈ നേട്ടം സ്വന്തമാക്കി .

2017 ൽ ഇമ്രാൻ താഹിർ ഈ നേട്ടം സ്വന്തമാക്കിയ ശേഷം 2018 ൽ ഇന്ത്യൻ താരങ്ങളായ കുൽദീപ് യാദവ്, ഭുവനേശ്വർ കുമാർ ബംഗ്ലാദേശ് ഓൾറൗണ്ടർ ഷാഖിബ് അൽ ഹസൻ എന്നിവരും ഈ അപൂർവ്വ നേട്ടത്തിൽ ഇടം നേടി .