Skip to content

ഐ പി എല്ലിൽ 300 സിക്സ് ; ചരിത്രനേട്ടത്തിനരികിൽ യൂണിവേഴ്സൽ ബോസ്

ഐ പി എൽ പന്ത്രണ്ടാം സീസണിൽ ക്രിസ് ഗെയ്ലിനെ കാത്തിരിക്കുന്നത് ചരിത്രനേട്ടം . ഇതുവരെ ഇന്ത്യൻ പ്രീമിയർ ലീഗിൽ 111 ഇന്നിങ്‌സിൽ നിന്നും 292 സിക്സ് നേടിയ ക്രിസ് ഗെയ്‌ൽ ഐ പി എല്ലിൽ 300 സിക്സെന്ന ചരിത്രനേട്ടത്തിന് എട്ട് സിക്സ് മാത്രം അകലെയാണ് .

2009 ൽ കൊൽക്കത്തയ്ക്ക് വേണ്ടി ഐ പി എൽ അരങ്ങേറ്റം കുറിച്ച ക്രിസ് ഗെയ്ൽ പത്ത് സിക്സുകളാണ് ആദ്യ സീസണിൽ നേടിയത് തുടർന്ന് 2010 ൽ 16 സിക്സ് ഗെയ്ൽ നേടി. 2011 ൽ റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനായി 44 സിക്സുകളാണ് യൂണിവേഴ്സൽ ബോസ് അടിച്ചുകൂട്ടിയത് . തുടർന്ന് 2012 ൽ 59 സിക്സും 2013 ൽ 51 സിക്സും 2014 ൽ 12 സിക്സും 2015 ൽ 38 സിക്സും ഗെയ്ലിന്റെ ബാറ്റിൽ നിന്നും പിറന്നു.

കഴിഞ്ഞ സീസണിൽ കിങ്‌സ് ഇലവൻ പഞ്ചാബിനായി കളിച്ച ഗെയ്ൽ 27 സിക്സുകളാണ് പറത്തിയത് . ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ തകർപ്പൻ പ്രകടനത്തിന്റെ ആത്മവിശ്വാസത്തിലാണ് ക്രിസ് ഗെയ്ൽ ഈ സീസണിൽ കളിക്കാൻ എത്തുന്നത് .

186 സിക്സ് നേടിയ എബി ഡിവില്ലിയേഴ്സും എം എസ് ധോണിയുമാണ് ക്രിസ് ഗെയ്‌ലിന് പുറകിലുള്ളത്. 185 സിക്സ് നേടിയ സുരേഷ് റെയ്‌ന, 184 സിക്സ് നേടിയ രോഹിത് ശർമ്മ എന്നിവരാണ് നാലും അഞ്ചും സ്ഥാനങ്ങളിൽ .