Skip to content

ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ലോകകപ്പിൽ അവസരം എന്നെതേടിയെത്തും ; അജിങ്ക്യ രഹാനെ

ഇന്ത്യൻ പ്രീമിയർ ലീഗിൽ മികച്ച പ്രകടനം കാഴ്ച്ചവെച്ചാൽ ലോകകപ്പിൽ അവസരം തന്നെ തേടിയെത്തുമെന്ന് രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും ഇന്ത്യൻ ടെസ്റ്റ് ടീം ഉപനായകനുമായ അജിങ്ക്യ രഹാനെ . ലോകകപ്പിന് മാസങ്ങൾ മാത്രം ശേഷിക്കെ ഇപ്പോഴും നാലാം നമ്പർ പൊസിഷനിൽ ആര് ബാറ്റ് ചെയ്യുമെന്ന കാര്യത്തിൽ ഇന്ത്യൻ ടീം തീരുമാനത്തിലെത്തിയിട്ടില്ല . ഇനി അന്താരാഷ്ട്ര മത്സരങ്ങൾ ഒന്നും തന്നെയില്ലാത്തതിനാൽ ഐ പി എല്ലിനെ തന്നെയാകും തങ്ങളുടെ നാലാം നമ്പർ ബാറ്റ്സ്മാനെ തിരഞ്ഞെടുക്കാൻ കോഹ്ലിയും രവി ശാസ്ത്രിയും ആശ്രയിക്കുക .

ലോകകപ്പ് ടീമിൽ അവസരം ഉണ്ടെന്ന് കരുതി ഐ പി എല്ലിനോടുള്ള തന്റെ സമീപനത്തിൽ മാറ്റം വരുത്തില്ലെന്നും ഐ പി എൽ ആയാലും ലോകകപ്പ് ആയാലും കളിക്കുന്നത് ക്രിക്കറ്റ് തന്നെയാണെന്നും ടീമിന് വേണ്ടി റൺസ് സ്കോർ ചെയ്യണമെന്നും രഹാനെ പറഞ്ഞു .

” ഐ പി എല്ലിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ എനിക്ക് സാധിച്ചാൽ ലോകകപ്പ് അവസരം ഓട്ടോമാറ്റിക്കായി തന്നെ വരും . നിങ്ങളുടെ നിയന്ത്രണത്തിലല്ലാത്ത കാര്യങ്ങളെ കുറിച്ചോർത്ത് സമ്മർദ്ദത്തിലാകേണ്ട ആവശ്യമില്ല . ഇപ്പോൾ ഞാൻ ശ്രദ്ധകേന്ദ്രീകരിക്കുന്നത് ഐ പി എല്ലിലാണ് ” രഹാനെ കൂട്ടിച്ചേർത്തു .