Skip to content

കരിയറിന്റെ തുടക്കത്തിൽ ധോണിയും അവസരങ്ങൾ പാഴാക്കിയിരുന്നു ; വിമർശകർക്കെതിരെ പന്തിന്റെ പരിശീലകൻ

നിരവധി വിമർശനങ്ങളാണ് ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിന് ശേഷം ഇന്ത്യൻ യുവതാരം റിഷാബ് പന്ത് ഏറ്റുവാങ്ങിയത്. മത്സരത്തിൽ എം എസ് ധോണിയ്ക്ക് പകരക്കാരനായി വിക്കറ്റ്കീപ്പറായി ടീമിലെത്തിയ റിഷാബ് പന്ത് ഓസ്‌ട്രേലിയയുടെ റൺചേസിനിടെ നടത്തിയ പിഴവുകളാണ് ആരാധകരോഷത്തിന് ഇടയാക്കിയത്. മത്സരത്തിലെ 44 ആം ഓവറിലെ ആദ്യ പന്തിൽ ഓസ്‌ട്രേലിയയുടെ വിജയശില്പി ആഷ്ടൺ ടേണറെ സ്റ്റമ്പ് ചെയ്യാനുള്ള അവസരം പാഴാക്കിയ പന്ത് അതേ ഓവറിൽ അലക്സ് കാരെയെ റണ്ണൗട്ടാക്കാനുള്ള ശ്രമം എക്സ്ട്രാ റണ്ണിൽ കലാശിക്കുകയും ചെയ്തു ഇതിനുശേഷമായിരുന്നു ധോണി ധോണിയെന്ന് കാണികൾ വിളിച്ചുകൂവിയത് മത്സരശേഷം സോഷ്യൽ മീഡിയയിലും പന്തിനെ ആരാധകർ വെറുതെ വിട്ടില്ല .

എന്നാൽ ഇപ്പോൾ വിമർശകർക്കെതിരെ രൂക്ഷമായി ആഞ്ഞടിച്ചിരിക്കുകയാണ് റിഷാബ് പന്തിന്റെ പരിശീലകൻ കൂടിയായ തരക് സിൻഹ. ധോണിയുമായുള്ള താരതമ്യങ്ങൾ രണ്ട് പേരും വിക്കറ്റ്കീപ്പറായതുകൊണ്ടാണ് ഉണ്ടാകുന്നതെന്നും എന്നാൽ ഇത്തരത്തിലുള്ള താരതമ്യങ്ങൾ അവനെ സമ്മർദ്ദത്തിലാക്കുമെന്നും സിൻഹ പറഞ്ഞു .

” ലോകത്തിൽ സ്റ്റമ്പിങ്ങോ ക്യാച്ചോ നഷ്ട്ടപെടുത്താത്ത ഏത് വിക്കറ്റ് കീപ്പറാണ് ഉള്ളത് . കരിയറിന്റെ തുടക്കത്തിൽ തന്നെ ക്യാച്ചുകളും സ്റ്റമ്പിങും ധോണി പാഴാക്കിയിരുന്നു. നല്ല കാര്യം എന്തെന്നാൽ അന്നും സെലക്ടർമാർ ധോണിയ്ക്കൊപ്പം നിൽക്കുകയും ടീമിൽ നിലനിർത്തുകയും ചെയ്തു. അതിനുശേഷം ലോകത്തിലെ ഏറ്റവും മികച്ച വിക്കറ്റ് കീപ്പർമാരിലൊരാളായി ധോണി മാറി ” തരക് സിൻഹ പറഞ്ഞു .