Skip to content

അവിശ്വസനീയം അവിസ്മരണീയം ; ഇന്ത്യയ്ക്കെതിരെ ഓസ്‌ട്രേലിയക്ക് ചരിത്രവിജയം

ഇന്ത്യയ്ക്കെതിരായ ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഓസ്‌ട്രേലിയക്ക് നാല് വിക്കറ്റിന്റെ തകർപ്പൻ വിജയം . ഇന്ത്യ ഉയർത്തിയ 359 റൺസിന്റെ വിജയലക്ഷ്യം 47.5 ഓവറിൽ ആറ് വിക്കറ്റ് നഷ്ട്ടത്തിൽ ഓസ്ട്രേലിയ മറികടന്നു . യുവതാരം ആഷ്ടൺ ടെർണറുടെയും, പീറ്റർ ഹാൻഡ്സ്‌കോമ്പിന്റെയും ഉസ്മാൻ ഖവാജയുടെയും തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയക്ക് വിജയം സമ്മാനിച്ചത് . തകർച്ചയോടെയാണ് ഓസ്‌ട്രേലിയ തുടങ്ങിയത് . 12 റൺസ് എടുക്കുന്നതിനിടെ രണ്ട് വിക്കറ്റുകൾ ഓസ്‌ട്രേലിയക്ക് നഷ്ട്ടപെട്ടു .

തുടർന്ന് മൂന്നാം വിക്കറ്റിൽ 192 റൺസ് കൂട്ടിച്ചേർത്ത ഉസ്മാൻ ഖവാജയും പീറ്റർ ഹാൻഡ്‌സ്കോമ്പും ചേർന്നാണ് ഓസ്‌ട്രേലിയയെ മത്സരത്തിലേക്ക് തിരിച്ചെത്തിച്ചത് . ഉസ്‌മാൻ ഖവാജ 99 പന്തിൽ 91 റൺസ് നേടി പുറത്തായപ്പോൾ തന്റെ ആദ്യ സെഞ്ചുറി നേടിയ ഹാൻഡ്‌സ്കോമ്പ് 105 പന്തിൽ 117 റൺസ് നേടി .

13 പന്തിൽ 23 റൺസ് നേടി മാക്‌സ്‌വെൽ പുറത്തായ ശേഷം ക്രീസിലെത്തിയ യുവതാരം ആഷ്ടൺ ടർണർ തകർത്തടിച്ചതോടെ മത്സരം ഓസ്‌ട്രേലിയയുടെ വരുതിയിലായി. 43 പന്തിൽ അഞ്ച് ഫോറും ആറ് സിക്സുമടക്കം 84 റൺസ് നേടിയ ടർണർ അനായാസം ഓസ്‌ട്രേലിയയെ വിജയത്തിലെത്തിച്ചു . അലക്‌സ് കാരി 15 പന്തിൽ 21 റൺസ് നേടി പുറത്തായി .

വിജയത്തോടെ ഓസ്‌ട്രേലിയ പരമ്പരയിൽ ഇന്ത്യയ്ക്കൊപ്പമെത്തി .