Skip to content

ഓസ്‌ട്രേലിയക്കെതിരായ തകർപ്പൻ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

ഏകദിന കരിയറിലെ തന്റെ നാൽപ്പതാം സെഞ്ചുറിയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ നേടിയത്. 120 പന്തിൽ 116 റൺസ് നേടിയ കോഹ്ലിയുടെ പ്രകടനത്തിന്റെ മികവിൽ ഇന്ത്യ എട്ട് റൺസിന്റെ വിജയം നേടുകയും ചെയ്‌തു .

മത്സരത്തിൽ നേടിയ സെഞ്ചുറിയോടെ വിരാട് കോഹ്ലി നേടിയ റെക്കോർഡുകൾ

1. ഓസ്‌ട്രേലിയക്കെതിരെ വിരാട് കോഹ്ലി നേടുന്ന ഏഴാം ഏകദിന സെഞ്ചുറിയാണിത് . ഇതോടെ സച്ചിൻ ടെണ്ടുൽക്കർക്ക് ശേഷം ഓസ്‌ട്രേലിയക്കെതിരെ ഏറ്റവും കൂടുതൽ സെഞ്ചുറി നേടുന്ന ബാറ്റ്സ്മാനെന്ന നേട്ടത്തിൽ സഹതാരം രോഹിത് ശർമയ്ക്കും മുൻ വെസ്റ്റിൻഡീസ് താരം ഡെസ്മണ്ട് ഹെയ്ൻസിനൊപ്പവും കോഹ്ലിയെത്തി.

2. മത്സരത്തോടെ ഏകദിനത്തിൽ ആയിരം ഫോർ നേടുന്ന നാലാമത്തെ ഇന്ത്യൻ ബാറ്റ്സ്മാനായി കോഹ്ലി മാറി. സച്ചിൻ ടെണ്ടുൽക്കർ, സൗരവ് ഗാംഗുലി, വീരേന്ദർ സെവാഗ് എന്നിവരാണ് കോഹ്ലിക്ക് മുൻപ് ഈ നേട്ടം സ്വന്തമാക്കിയവർ .

3. ഇന്ത്യയിൽ കോഹ്ലി നേടുന്ന പതിനെട്ടാം സെഞ്ചുറിയാണിത് . 20 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് കോഹ്ലിക്ക് മുൻപിലുള്ളത് .

4. ലിസ്റ്റ് എ ക്രിക്കറ്റിലെ കോഹ്ലിയുടെ 44 ആം സെഞ്ചുറിയാണിത്. 60 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കർ മാത്രമാണ് ഈ നേട്ടത്തിൽ കോഹ്ലിക്ക് മുൻപിലുള്ളത്. സച്ചിൻ 500 ലധികം ഇന്നിങ്‌സ് കളിച്ചപ്പോൾ കോഹ്ലി വെറും 249 ഇന്നിങ്‌സിൽ നിന്നുമാണ് 44 സെഞ്ചുറി നേടിയത്.

5. അന്താരാഷ്ട്ര ക്രിക്കറ്റിൽ മൂന്ന് ഫോർമാറ്റിൽ നിന്നുമായി കോഹ്ലി നേടുന്ന 65 ആം സെഞ്ചുറിയാണിത്. 71 സെഞ്ചുറി നേടിയ റിക്കി പോണ്ടിങ്, 100 സെഞ്ചുറി നേടിയ സച്ചിൻ ടെണ്ടുൽക്കർ എന്നിവർ മാത്രമാണ് കോഹ്ലിക്ക് മുൻപിലുള്ളത്.

6. മത്സരത്തോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ക്യാപ്റ്റനായി 9000 റൺസ് കോഹ്ലി പൂർത്തിയാക്കി. ഏറ്റവും വേഗത്തിൽ ക്യാപ്റ്റനായി ഈ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്സ്മാനും കൂടിയാണ് വിരാട് കോഹ്ലി.

7. 216 ഇന്നിങ്‌സിൽ നിന്നാണ് കോഹ്ലി ഏകദിനത്തിൽ 1000 ഫോർ എന്ന നാഴികക്കല്ല് പിന്നിട്ടത് . ഏറ്റവും വേഗത്തിൽ ഈ നേട്ടം സ്വന്തമാക്കുന്ന ബാറ്റ്സ്മാൻ എന്ന നേട്ടവും ഇതോടെ കോഹ്ലി സ്വന്തമാക്കി . 221 ഇന്നിങ്‌സിൽ നിന്നും 1000 ഫോർ നേടിയ വീരേന്ദർ സെവാഗിനെയാണ് കോഹ്ലി മറികടന്നത്.