Skip to content

നാഗ്പൂരിൽ ഇന്ത്യ നേടിയത് അഞ്ഞൂറാം ഏകദിന വിജയം ; മുൻപിൽ ഓസ്‌ട്രേലിയ മാത്രം

ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിലെ വിജയത്തോടെ പുതുചരിത്രമെഴുതി ടീം ഇന്ത്യ . ഏകദിന ക്രിക്കറ്റിലെ ഇന്ത്യയുടെ 500 ആം വിജയമാണിത് . ഇതോടെ ഓസ്‌ട്രേലിയക്ക് ശേഷം ഏകദിന ക്രിക്കറ്റിൽ 500 വിജയം നേടുന്ന ടീമായി ഇന്ത്യ മാറി . ഇതുവരെ 963 മത്സരങ്ങൾ ഇന്ത്യ ഏകദിനത്തിൽ കളിച്ചിട്ടുണ്ട് .അതിൽ 414 മത്സരങ്ങളിൽ മാത്രമാണ് ഇന്ത്യ പരാജയപെട്ടത് .

1975 ൽ ഈസ്റ്റ് ആഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യ തങ്ങളുടെ ആദ്യ ഏകദിന വിജയം നേടിയത് . തുടർന്ന് 1993 ൽ സൗത്താഫ്രിക്കയ്ക്കെതിരെ നൂറാം ഏകദിന വിജയം നേടിയ ഇന്ത്യ 2000 ൽ കെനിയക്കെതിരെ തങ്ങളുടെ 300 ആം വിജയവും 2012 ൽ കൊളംബോയിൽ ശ്രീലങ്കയ്ക്കെതിരെ 400 ആം ഏകദിന വിജയവും നേടി .

ഇന്ത്യയ്ക്ക് മുൻപിലുള്ള ഓസ്ട്രേലിയയാകട്ടെ 924 മത്സരങ്ങളിൽ നിന്നും 558 വിജയങ്ങൾ സ്വന്തമാക്കിയിട്ടുണ്ട്. 323 മത്സരത്തിൽ മാത്രമേ കംഗാരുക്കൾ പരാജയപെട്ടിട്ടുള്ളൂ . 907 മത്സരത്തിൽ നിന്നും 479 വിജയം നേടിയ പാകിസ്ഥാനാണ് ഇന്ത്യയ്ക്ക് പുറകിലുള്ളത് .

ഏകദിനത്തിൽ ഏറ്റവും കൂടുതൽ വിജയം നേടിയ ടീമുകൾ

1. ഓസ്‌ട്രേലിയൻ – 558

2. ഇന്ത്യ – 500

3. പാകിസ്ഥാൻ – 479

4. വെസ്റ്റിൻഡീസ് – 390

5. ശ്രീലങ്ക – 379

6. സൗത്താഫ്രിക്ക – 374

7. ഇംഗ്ലണ്ട് – 362

8. ന്യൂസിലാൻഡ് – 342

9. സിംബാബ്‌വെ – 134

10. ബംഗ്ലാദേശ് – 118