Skip to content

ഇതെന്റെ ജീവിതത്തിലെ ഏറ്റവും വലിയ തീരുമാനം, വിരമിക്കൽ പ്രഖ്യാപിച്ച് ഇമ്രാൻ താഹിർ

ഏകദിന ക്രിക്കറ്റിൽ നിന്നും വിരമിക്കാനൊരുങ്ങി സൗത്താഫ്രിക്കൻ സ്പിന്നർ ഇമ്രാൻ താഹിർ . 2019 ലോകകപ്പോടെയാകും താരം ഏകദിന ക്രിക്കറ്റിൽ നിന്നും വിടവാങ്ങുക . സൗത്താഫ്രിക്കയ്ക്ക് വേണ്ടി കളിക്കാൻ സാധിച്ചത് വലിയ കാര്യമാണെന്നും ലോകകപ്പിന് ശേഷവും ഏകദിനത്തിൽ തുടരാൻ താൽപ്പര്യമുണ്ടെന്നും എന്നാൽ ജീവിതത്തിലെ ചില ഘട്ടങ്ങളിൽ വലിയ തീരുമാനങ്ങൾ നമ്മൾ എടുക്കണമെന്നും ജീവിതത്തിലെ തന്റെ ഏറ്റവും വലിയ തീരുമാനമാണ് ഇതെന്നും താഹിർ വ്യക്തമാക്കി . ഏകദിന ക്രിക്കറ്റിൽ വിരമിക്കുമെങ്കിലും ട്വന്റി20 ക്രിക്കറ്റിൽ സൗത്താഫ്രിക്കയ്ക്കായി തുടരുമെന്നും അവസരത്തിനായി കാത്തിരിക്കുകയാണെന്നും താഹിർ കൂട്ടിച്ചേർത്തു.

സൗത്താഫ്രിക്കയ്ക്ക് വേണ്ടി 95 മത്സരങ്ങൾ കളിച്ച താഹിർ 156 വിക്കറ്റുകൾ നേടിയിട്ടുണ്ട് . ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ 26 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് നേടി തകർപ്പൻ പ്രകടനം താരം കാഴ്ച്ചവെച്ചിരുന്നു .