Skip to content

19 പന്തിൽ ഫിഫ്റ്റിയുമായി ക്രിസ് ഗെയ്ൽ ; നേടിയത് ഈ റെക്കോർഡുകൾ

ലോക ഒന്നാം നമ്പർ ടീമായ ഇംഗ്ലണ്ടിനെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ വെസ്റ്റിൻഡീസ് കാഴ്ച്ചവെച്ചത് . ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ 113 റൺസിന് ഓൾഔട്ടാക്കിയ വെസ്റ്റിൻഡീസ് വിജയലക്ഷ്യം ഏഴ് വിക്കറ്റും 227 പന്തും ശേഷിക്കെ മറികടന്നു . അഞ്ച് വിക്കറ്റ് നേടിയ ഒഷാനെ തോമസാണ് ഇംഗ്ലണ്ട് ബാറ്റ്സ്മാന്മാരെ തകർത്തതെങ്കിൽ 27 പന്തിൽ നിന്നും 77 റൺസ് നേടിയ ക്രിസ് ഗെയ്‌ലിന്റെ പ്രകടനത്തോടെ ഇംഗ്ലണ്ടിന്റെ ശവപ്പെട്ടിയിൽ അവസാന ആണിയും വെസ്റ്റിൻഡീസ് അടിച്ചു .

19 പന്തിൽ നിന്നുമാണ് ഗെയ്ൽ മത്സരത്തിൽ ഫിഫ്റ്റി നേടിയത് . ഇതോടെ ഏകദിനത്തിൽ വേഗത്തിൽ ഫിഫ്റ്റി നേടുന്ന വെസ്റ്റിൻഡീസ് ബാറ്റ്സ്മാനായി ഗെയ്ൽ മാറി . സൗത്താഫ്രിക്കയ്ക്കെതിരെ 2010 ലും ഓസ്‌ട്രേലിയക്കെതിരെ 2012 ലും 20 പന്തിൽ ഫിഫ്റ്റി നേടിയ ഡാരൻ സാമിയുടെ റെക്കോർഡാണ് ഗെയ്ൽ തകർത്തത്.

മത്സരത്തിലെ ഫിഫ്റ്റിയോടെ ഏകദിനത്തിൽ തുടർച്ചയായി അഞ്ച് ഇന്നിങ്‌സിൽ ഫിഫ്റ്റി+ സ്കോർ നേടുന്ന രണ്ടാമത്തെ വെസ്റ്റിൻഡീസ് ബാറ്റ്സ്മാനായി ഗെയ്ൽ മാറി. ഗോർഡൻ ഗ്രീനിഡ്ജാണ് ഇതിനുമുൻപ് ഈ നേട്ടം സ്വന്തമാക്കിയ വെസ്റ്റിൻഡീസ് ബാറ്റ്സ്മാൻ .

മത്സരത്തിൽ നേടിയ 77 റൺസിൽ 74 റൺസും ഗെയ്ൽ നേടിയത് ബൗണ്ടറിയിലൂടെയാണ്. ഇതോടെ ഏകദിന ചരിത്രത്തിൽ 50+ റൺസ് നേടിയവരിൽ ഏറ്റവും കൂടുതൽ ശതമാനം റൺസ് ബൗണ്ടറിയിലൂടെ നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടത്തിൽ ബ്രണ്ടൻ മക്കല്ലത്തിനൊപ്പം ഗെയ്ൽ എത്തി (96.10). 2015 ക്രിക്കറ്റ് ലോകകപ്പിൽ ഇംഗ്ലണ്ടിനെതിരെ 77 റൺസ് നേടിയ മക്കല്ലം 74 റൺസും അടിച്ചെടുത്തത് ബൗണ്ടറിയിലൂടെയായിരുന്നു . 2009 ൽ ബംഗ്ലാദേശിനെതിരെ നേടിയ 52 റൺസിൽ 50 റൺസും ആന്ദ്രേ ഫ്ലെച്ചർ നേടിയത് ബൗണ്ടറിയിലൂടെയായിരുന്നു (96.15%) .