Skip to content

ഐ പി എല്ലിലെ പ്രകടനങ്ങൾ ലോകകപ്പ്‌ ടീം സെലക്ഷനെ സ്വാധീനിക്കില്ല ; വിരാട് കോഹ്ലി

ഇന്ത്യൻ പ്രീമിയർ ലീഗിലെ താരങ്ങളുടെ പ്രകടനങ്ങൾ ലോകകപ്പ് ടീം സെലക്ഷനെ സ്വാധീനിക്കില്ലെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . വിശദമായ വിശകലനങ്ങൾക്ക് ശേഷം മാത്രമേ ലോകകപ്പ് ടീമിനെ തിരഞ്ഞെടുക്കൂയെന്നും അത് ഐ പി എല്ലിന് മുൻപ് തന്നെയുണ്ടാകുമെന്നും ഇന്ത്യൻ ക്യാപ്റ്റൻ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയ്ക്ക് മുൻപായി നടന്ന വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.

ലോകകപ്പിനുള്ള ഇന്ത്യൻ ടീമിൽ പതിമൂന്നോ പതിനാലോ താരങ്ങൾ ഏറെക്കുറെ സ്ഥാനമുറപ്പിച്ചു കഴിഞ്ഞു . അവശേഷിക്കുന്ന ഒഴിവുകൾക്കായി നടക്കുന്നതാകട്ടെ കടുത്ത മത്സരവും . ഈ ഐ പി എൽ സീസൺ രണ്ടാം വിക്കറ്റ്കീപ്പർ സ്ഥാനത്തിനായി ദിനേശ് കാർത്തിക്കും റിഷാബ് പന്തും തമ്മിലുള്ള പോരാട്ടം കൂടിയാകുമെന്നുള്ള റിപ്പോർട്ടുകളും ഉണ്ടായിരുന്നു .

” ലോകകപ്പ് ടീം സെലക്ഷനിൽ ഐ പി എല്ലിലെ പ്രകടനത്തിന് സ്വാധീനം ചെലുത്താൻ സാധിക്കുമെന്ന് എനിക്ക് തോന്നുന്നില്ല . അതിന് വളരെ വിശകലനങ്ങൾ ആവശ്യമാണ് . ശക്തമായ ടീം നമുക്ക് ആവശ്യമാണ് . ഐ പി എല്ലിന് മുൻപേ ലോകകപ്പിൽ നമുക്ക് ഏത് ടീമാണ് വേണ്ടതെന്ന് വ്യക്തമാകണം . ഒരു ഐ പി എൽ ആ ടീമിൽ മാറ്റം വരുത്തുമെന്ന് എനിക്ക് തോന്നുന്നില്ല. ” വിരാട് കോഹ്ലി പറഞ്ഞു .

ഒന്നോ രണ്ടോ കളിക്കാർക്ക് ഐ പി എല്ലിൽ മികച്ച പ്രകടനം കാഴ്ച്ച വെയ്ക്കാൻ സാധിച്ചില്ലെങ്കിൽ അവർ ലോകക്കപ്പ് ടീമിൽ നിന്നും പുറത്ത് പോകില്ലെന്നും . മികച്ച പ്രകടനമായാലും മോശം പ്രകടനമായാലും അത് ടീം സെലക്ഷനെ സ്വാധീനിക്കില്ലെന്നും വിരാട് കോഹ്ലി കൂട്ടിച്ചേർത്തു .