Skip to content

തകർപ്പൻ സെഞ്ചുറിയോടെ ഗ്ലെൻ മാക്‌സ്‌വെൽ നേടിയ റെക്കോർഡുകൾ

തകർപ്പൻ പ്രകടനമാണ് ഇന്ത്യയ്ക്കെതിരായ ട്വന്റി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഗ്ലെൻ മാക്‌സ്‌വെൽ കാഴ്ച്ചവെച്ചത്. 55 പന്തിൽ പുറത്താകാതെ 113 റൺസ് നേടിയ മാക്‌സ്‌വെല്ലിന്റെ മികവിൽ ഇന്ത്യ ഉയർത്തിയ 191 റൺസിന്റെ വിജയലക്ഷ്യം ഏഴ് വിക്കറ്റും രണ്ട് പന്തും ബാക്കിനിൽക്കെ ഓസ്‌ട്രേലിയ മറികടക്കുകയും പരമ്പര 2-0 ന് സ്വന്തമാക്കുകയും ചെയ്തു . നിരവധി റെക്കോർഡുകളാണ് തകർപ്പൻ സെഞ്ചുറിയോടെ മാക്‌സ്‌വെൽ നേടിയത് അവ ഏതൊക്കെയെന്ന് നോക്കാം …

1. അന്താരാഷ്ട്ര ട്വന്റി20യിലെ തന്റെ മൂന്നാം സെഞ്ചുറിയാണ് മാക്‌സ്‌വെൽ ഇന്നലെ നേടിയത്. ഇതോടെ അന്താരാഷ്ട്ര ട്വന്റി20യിൽ മൂന്ന് സെഞ്ചുറി നേടുന്ന മൂന്നാമത്തെ ബാറ്റ്സ്മാനായി മാക്‌സ്‌വെൽ മാറി. ഇന്ത്യൻ ഓപ്പണർ രോഹിത് ശർമ്മ, ന്യൂസിലാൻഡ് ഓപ്പണർ കോളിൻ മൺറോ എന്നിവരാണ് ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള മറ്റു ബാറ്റ്സ്മാന്മാർ .

2. മാക്‌സ്‌വെൽ നേടിയ മൂന്ന് സെഞ്ചുറികളിൽ രണ്ടും ചേസിങ്ങിലാണ് നേടിയത്. കെ എൽ രാഹുൽ മാത്രമാണ് മാക്‌സ്‌വെല്ലിനെ കൂടാതെ അന്താരാഷ്ട്ര ട്വന്റി20യിൽ ചേസിങിൽ ടീമിന് വേണ്ടി രണ്ട് സെഞ്ചുറി നേടിയ മറ്റൊരു ബാറ്റ്സ്മാൻ .

3. 169 റൺസ് ഈ രണ്ട് മത്സരങ്ങളുടെ പരമ്പരയിൽ മാക്‌സ്‌വെൽ അടിച്ചുകൂട്ടി . രണ്ട് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ ഏറ്റവും കൂടുതൽ റൺസ് നേടുന്ന രണ്ടാമത്തെ ബാറ്റ്സ്മാനെന്ന നേട്ടവും മാക്‌സ്‌വെൽ സ്വന്തമാക്കി . മാക്‌സ്‌വെൽ തന്നെയാണ് ഈ റെക്കോർഡിലും ഒന്നാമൻ 2016 ൽ ശ്രീലങ്കയ്ക്കെതിരായ രണ്ട് മത്സരങ്ങളുടെ ട്വന്റി20 പരമ്പരയിൽ 211 റൺസ് താരം നേടിയിരുന്നു .