Skip to content

ഓസ്‌ട്രേലിയക്കെതിരെ ടി20യിൽ 500 റൺസ് ; വിരാട് കോഹ്ലിക്ക് ചരിത്രനേട്ടം

ഓസ്‌ട്രേലിയക്കെതിരായ ട്വന്റി20 പരമ്പരയിലെ ആദ്യ മത്സരത്തോടെ ചരിത്രനേട്ടം സ്വന്തമാക്കി ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലി . മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്യവെ രോഹിത് ശർമയുടെ വിക്കറ്റിന് ശേഷം ക്രീസിലെത്തി പന്ത്രണ്ട് റൺസ് പിന്നിട്ടത്തോടെ അന്താരാഷ്ട്ര ട്വന്റി20യിൽ ഒരു ടീമിനെതിരെ 500 റൺസ് നേടുന്ന ആദ്യ ബാറ്റ്സ്മാനായി കോഹ്ലി മാറി . മത്സരത്തിന് മുൻപ് വരെ ട്വന്റി20യിൽ ഓസ്ട്രേലിയക്കെതിരെ 488 റൺസ് വിരാട് കോഹ്ലി നേടിയിരുന്നു . ഓസ്‌ട്രേലിയക്കെതിരായ കോഹ്ലിയുടെ പതിനാലാം ഇന്നിങ്‌സ് മാത്രമാണിത് . അഞ്ച് ഫിഫ്റ്റി ഓസ്‌ട്രേലിയക്കെതിരെ മാത്രം കോഹ്ലി നേടിയിട്ടുണ്ട് . മത്സരത്തിൽ 17 പന്തിൽ 24 റൺസ് നേടിയാണ് കോഹ്ലി പുറത്തായത് . ആഡം സാംപയാണ് കോഹ്ലിയുടെ വിക്കറ്റ് വീഴ്ത്തിയത് .

പാകിസ്ഥാനെതിരെ 463 റൺസ് നേടിയ മാർട്ടിൻ ഗപ്റ്റിൽ, അഫ്ഘാനിസ്ഥാനെതിരെ 461 റൺസ് നേടിയ അയർലൻഡ് ബാറ്റ്സ്മാൻ സ്റ്റിർലിങ്, അയർലൻഡിനെതിരെ 436 റൺസ് നേടിയ അഫ്ഘാനിസ്ഥാൻ ഓപ്പണർ മൊഹമ്മദ് ഷഹ്സാദ്, ഇംഗ്ലണ്ടിനെതിരെ 425 റൺസ് നേടിയ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ച് എന്നിവരാണ് ഈ നേട്ടത്തിൽ കോഹ്ലിക്ക് പിന്നിലുള്ളത് .