Skip to content

പാകിസ്ഥാനെതിരെ ഇന്ത്യ കളിക്കണം ഒരിക്കൽ കൂടി അവരെ പരാജയപെടുത്തണം ; സച്ചിൻ ടെണ്ടുൽക്കർ

ലോകകപ്പിൽ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിച്ച് അവർക്ക് രണ്ട് പോയിന്റ് നൽകുന്നത് കാണുവാൻ താല്പര്യമില്ലെന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കർ . ഇന്ത്യയുടെ ഈ നീക്കം ലോകകപ്പ് പോലെയുള്ള വമ്പൻ ടൂർണമെന്റിൽ പാകിസ്ഥാനെ സഹായിക്കാൻ മാത്രമേ ഉപകരിക്കൂവെന്ന് വ്യക്തമാക്കിയ സച്ചിൻ ജൂൺ 16 ന് നടക്കുന്ന മത്സരത്തിൽ പാകിസ്ഥാനെതിരെ പോരാടി വിജയം നേടുകയെന്നതാണ് വേണ്ടതെന്ന മുൻ താരം സുനിൽ ഗാവസ്‌കറുടെ അഭിപ്രായത്തോട് പൂർണ്ണമായും യോജിക്കുകയും ചെയ്തു .

” ലോകകപ്പിൽ എല്ലായ്പ്പോഴും പാകിസ്ഥാനെതിരെ വിജയം നേടാൻ ഇന്ത്യയ്ക്ക് സാധിച്ചിട്ടുണ്ട് . അവരെ ഒരിക്കൽ കൂടെ പരാജയപെടുത്താനുള്ള സമയം ഇതാണ് . വ്യക്തിപരമായ നിലയിൽ അവർക്ക് രണ്ട് പോയിന്റ് നൽകാൻ ഞാൻ ആഗ്രഹിക്കുന്നില്ല ” സച്ചിൻ പറഞ്ഞു .

എന്നാൽ എല്ലായ്പ്പോഴും എനിക്ക് മുഖ്യം രാജ്യത്തിന്റെ തീരുമാനമാണെന്നും ഇക്കാര്യത്തിൽ രാജ്യം ഏതുതരത്തിലുള്ള തീരുമാനമെടുത്താലും അതിനെ പിന്തുണയ്ക്കുമെന്നും സച്ചിൻ ടെണ്ടുൽക്കർ കൂട്ടിച്ചേർത്തു .

ഹർഭജൻ സിങും സൗരവ് ഗാംഗുലിയുമടക്കമുള്ളവർ പാകിസ്ഥാനെതിരായ മത്സരം ബഹിഷ്‌കരിക്കണമെന്ന് വ്യക്തമാക്കിയപ്പോൾ വ്യത്യസ്ത അഭിപ്രായമാണ് സുനിൽ ഗാവസ്‌കർ കൈക്കൊണ്ടത് .

മത്സരം ബഹിഷ്‌കരിച്ചാൽ വിജയികളാവുക പാകിസ്ഥാൻ ആയിരിക്കുമെന്നും പാകിസ്ഥാനെതിരെ എല്ലാ ലോകകപ്പ് മത്സരങ്ങളും വിജയിച്ച ഇന്ത്യ രണ്ട് പോയിന്റ് വെറുതെ നൽകി പാകിസ്ഥാനെ സഹായിക്കാൻ തയ്യാറാകരുതെന്നും വ്യത്യമാക്കി .