Skip to content

സ്പിൻ മികവിൽ ഇംഗ്ലണ്ട് വനിതകൾക്കെതിരെ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം

ഇംഗ്ലണ്ട് വനിതകൾക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ ഇന്ത്യയ്ക്ക് 66 റൺസിന്റെ തകർപ്പൻ വിജയം. ആദ്യം ബാറ്റ് ചെയ്ത് ഇന്ത്യ ഉയർത്തിയ 203 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ടിന് 41 ഓവറിൽ 136 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി . 25 റൺസ് മാത്രം വഴങ്ങി നാല് വിക്കറ്റ് നേടിയ എക്താ ബിഷ്ടാണ് ഇംഗ്ലണ്ടിനെ തകർത്തത്. ദീപ്തി ശർമ, ശിഖ പാണ്ഡെ എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി മികച്ച പിന്തുണ നൽകി .

39 റൺസ് നേടിയ ക്യാപ്റ്റൻ ഹെതർ നൈറ്റ്, 44 റൺസ് നേടിയ സ്കിവർ എന്നിവർ മാത്രമാണ് ഇംഗ്ലണ്ട് നിരയിൽ തിളങ്ങിയത്. നേരത്തേ ടോസ് നഷ്ട്ടപെട്ട് ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 58 പന്തിൽ 48 റൺസ് നേടിയ റോഡ്രിഗസ്, 44 റൺസ് നേടിയ ക്യാപ്റ്റൻ മിതാലി രാജ് എന്നിവരാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത് . സ്‌മൃതി മന്ദാന 24 റൺസ് നേടി പുറത്തായി. ഫെബ്രുവരി 25 നാണ് പരമ്പരയിലെ രണ്ടാം മത്സരം.