Skip to content

ഷാഹിദ് അഫ്രീദിയെ മറികടന്നു , സിക്സടിയിൽ റെക്കോർഡിട്ട് ക്രിസ് ഗെയ്ൽ

ഇംഗ്ലണ്ടിനെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിൽ പരാജയപെട്ടുവെങ്കിലും തകർപ്പൻ പ്രകടനമാണ് ക്രിസ് ഗെയ്ൽ കാഴ്ച്ചവെച്ചത് . മത്സരത്തിൽ 129 പന്തിൽ 135 റൺസ് നേടിയ ഗെയ്ൽ 12 പടുകൂറ്റൻ സിക്സുകളും പറത്തി . ഇതോടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടുന്ന ബാറ്റ്സ്മാനെന്ന ചരിത്രനേട്ടം ക്രിസ് ഗെയ്ൽ സ്വന്തമാക്കി . 524 മത്സരത്തിൽ നിന്നും 476 സിക്സ് നേടിയ മുൻ പാകിസ്ഥാൻ താരം ഷാഹിദ് അഫ്രീദിയെയാണ് ഗെയ്ൽ മറികടന്നത്. നിലവിൽ 444 മത്സരത്തിൽ നിന്നും 488 സിക്സ് ഗെയ്ൽ നേടിയിട്ടുണ്ട് . ടെസ്റ്റിൽ 98 സിക്സും ട്വന്റി20യിൽ 103 സിക്സും നേടിയ ഗെയ്ൽ ഏകദിനത്തിലാകട്ടെ 287 സിക്സും നേടി .

107 സിക്സ് നേടിയ ബ്രണ്ടൻ മക്കല്ലമാണ് ടെസ്റ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയ ബാറ്റ്സ്മാൻ . ഏകദിന ഫോർമാറ്റിലാകട്ടെ 351 സിക്സ് നേടിയ അഫ്രീദി ബഹുദൂരം മുൻപിലാണ് .അന്താരാഷ്ട്ര ട്വന്റി20യിൽ 103 സിക്സ് നേടിയ മാർട്ടിൻ ഗപ്റ്റിലിനൊപ്പം ഒന്നാം സ്ഥാനത്താണ് ക്രിസ് ഗെയ്ൽ. 102 സിക്സ് നേടിയ രോഹിത് ശർമ്മ ഇരുവർക്കും തൊട്ടുപുറകിലുണ്ട് .

അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സിക്സ് നേടിയവർ

ക്രിസ് ഗെയ്ൽ – 488

ഷാഹിദ് അഫ്രീദി – 476

ബ്രണ്ടൻ മക്കല്ലം – 398

സനത് ജയസൂര്യ – 352

രോഹിത് ശർമ്മ – 349

മത്സരത്തിൽ ആറ് വിക്കറ്റിന്റെ ആവേശകരമായ വിജയമാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത് . വെസ്റ്റിൻഡീസ് ഉയർത്തിയ 361 റൺസിന്റെ വിജയലക്ഷ്യം 48.4 ഓവറിൽ നാല് വിക്കറ്റ് നഷ്ട്ടത്തിൽ ഇംഗ്ലണ്ട് മറികടന്നു . 85 പന്തിൽ 123 റൺസ് നേടിയ ജേസൺ റോയ്, 97 പന്തിൽ 102 റൺസ് നേടിയ ജോ റൂട്ട്, 51 പന്തിൽ 65 റൺസ് നേടിയ ക്യാപ്റ്റൻ മോർഗൻ എന്നിവരാണ് ഇംഗ്ലണ്ടിന് വഴിയൊരുക്കിയത് .