Skip to content

ബിഗ് ബാഷ് ലീഗ് കിരീടം റെനഗേഡ്സിന് ; ഫൈനലിൽ സ്റ്റാർസിനെ തകർത്തത് 13 റൺസിന്

ഫൈനലിൽ മെൽബൺ സ്റ്റാർസിനെ 13 റൺസിന് തകർത്ത് മെൽബൺ റെനഗേഡ്സ് ബിഗ് ബാഷ് ലീഗ് ജേതാക്കൾ . ഇതാദ്യമായാണ് റെനഗേഡ്‌സ് ബിഗ് ബാഷ് ലീഗ് കിരീടം നേടുന്നത് . മത്സരത്തിൽ റെനഗേഡ്സ് ഉയർത്തിയ 146 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന മെൽബൺ സ്റ്റാർസിന് നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ട്ടത്തിൽ 132 റൺസ് നേടാനെ സാധിച്ചുള്ളൂ . തകർപ്പൻ തുടക്കമായിരുന്നു സ്റ്റാർസിന് ബെൻ ഡങ്കും മാർക്കസ് സ്റ്റോയിനിസും ചേർന്ന് നൽകിയത് .ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 93 റൺസ് കൂട്ടിച്ചേർത്തു . ബെൻ ഡങ്ക് 45 പന്തിൽ 57 റൺസ് നേടി പുറത്തായപ്പോൾ സ്റ്റോയിനിസ് 38 പന്തിൽ 39 റൺസ് നേടി .സ്റ്റോയിനിസ് പുറത്തായതിന് ശേഷം 19 റൺസ് എടുക്കുന്നതിനിടെ ആറ് വിക്കറ്റുകൾ സ്റ്റാർസിന് നഷ്ട്ടമായി . രണ്ട് വിക്കറ്റ് വീതം നേടിയ ഡാനിയേൽ ക്രിസ്റ്റൻ, കാമെറോൺ ബോയ്സ്, ക്രിസ് ട്രെമൈൻ എന്നിവരാണ് സ്റ്റാർസിനെ തകർത്തത് . ഹാരി ഗേർണി ഒരു വിക്കറ്റ് നേടി .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത റെനഗേഡ്സിനെ 43 റൺസ് നേടിയ ടോം കൂപ്പർ, 38 റൺസ് നേടിയ ഡാനിയേൽ ക്രിസ്റ്റൻ എന്നിവരാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.