Skip to content

അവരെ ഞങ്ങൾക്ക് തിരിച്ചുവേണം അവർ മികച്ച പ്രകടനം പുറത്തെടുക്കുമെന്നുറപ്പുണ്ട് ; മൈക്കിൾ ക്ലാർക്ക്

വിലക്കിന് ശേഷം ടീമിൽ തിരിച്ചെത്തി മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ബാൻക്രോഫ്‌റ്റും മികച്ച പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ മൈക്കിൾ ക്ലാർക്ക് . കഴിഞ്ഞ വർഷം നടന്ന സൗത്താഫ്രിക്കൻ പര്യടനത്തിനിടെയാണ് പന്ത് ചുരണ്ടൽ വിവാദത്തെ തുടർന്ന് മൂവരെയും ക്രിക്കറ്റ് ഓസ്‌ട്രേലിയ വിലക്കിയത് . ഒമ്പത് മാസത്തെ വിലക്കിന് ശേഷം ബാൻക്രോഫ്റ്റ് ബിഗ് ബാഷ് ലീഗിലൂടെ തിരിച്ചെത്തിയിരുന്നു എന്നാൽ ഒരു വർഷത്തെ വിലക്ക് നേരിടുന്ന സ്മിത്തിനും വാർണർക്കും മാർച്ച് അവസാനം വരെ കാത്തിരിക്കേണ്ടി വരും . മാർച്ച് 29 നാണ് ഇരുവരുടെയും വിലക്ക് അവസാനിക്കുന്നത് . ഈ കാലയളവിൽ സ്മിത്തിന്റെയും വാർണറിന്റെയും അഭാവത്തിൽ തകർന്നടിഞ്ഞ ഓസ്‌ട്രേലിയ ചരിത്രത്തിലാദ്യമായി ഇന്ത്യയോട് അവരുടെ മണ്ണിൽ ടെസ്റ്റ് പരമ്പര കൈവിടുകയും ചെയ്തു .

” യാതൊരു സംശയവുമില്ല ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ടീമിന് അവരെ തിരികെ ആവശ്യമാണ് . അവർ തിരിച്ചുവരവ് അർഹിക്കുന്നു . അവർ കുറ്റം ചെയ്‌തു ഈ സമയങ്ങളിൽ അതിനുള്ള ശിക്ഷയും അനുഭവിച്ചു . അവർ ടീമിനായി വീണ്ടും റൺസ് നേടും അതിൽ സംശയമില്ല . ടീമിൽ തിരിച്ചെത്തി മികച്ച പ്രകടനം തന്നെ അവർ കാഴ്ച്ചവെയ്ക്കും ” ക്ലാർക്ക് പറഞ്ഞു .

എന്നാൽ കൂടുതൽ പ്രതീക്ഷകൾ വെച്ചുപുലർത്തി അവരെ സമ്മർദ്ദത്തിലാക്കരുതെന്നും മുൻ ക്യാപ്റ്റൻ പറഞ്ഞുവെച്ചു . അവർ തിരിച്ചെത്തുന്നത് നിലവിൽ അഞ്ചാം സ്ഥാനത്തുള്ള ടീമിലേക്കാണെന്നും രണ്ട് പ്ലെയേഴ്‌സിനേക്കാൾ വലുതല്ല സ്പോർട്സ് ടീമെന്നും ക്ലാർക്ക് കൂട്ടിച്ചേർത്തു .