Skip to content

കോഹ്ലിയോ രോഹിത് ശർമ്മയോ ആരാണ് മികച്ച ബാറ്റ്സ്മാൻ ? ഹർഭജന്റെ തകർപ്പൻ മറുപടി

ലിമിറ്റഡ് ഓവർ ക്രിക്കറ്റിൽ ഒപ്പത്തിനൊപ്പം റെക്കോർഡുകൾ തകർത്ത് മുന്നേറുകയാണ് ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയും വൈസ് ക്യാപ്റ്റൻ രോഹിത് ശർമ്മയും . ഏകദിന റാങ്കിങ്ങിൽ ഒന്നും രണ്ടും റാങ്കിലുള്ള ഇരുവരിൽ ആരാണ് മികച്ച ബാറ്റ്സ്മാനെന്ന ചോദ്യം പലപ്പോഴും തർക്കങ്ങൾക്കും വഴിവെക്കാറുണ്ട് . ഇതേ ചോദ്യം അടുത്തിടെ നടന്ന അഭിമുഖത്തിനിടെ മുൻ ഇന്ത്യൻ താരം ഹർഭജൻ സിങിനും മുൻപിലെത്തി . ആരെയും കുഴപ്പിക്കുന്ന ചോദ്യത്തിൽ തകർപ്പൻ മറുപടിയാണ് ഭാജി നൽകിയത് .

ഇതൊരു കുഴപ്പിക്കുന്ന ചോദ്യമാണെന്നും രോഹിത് ശർമ്മയും വിരാട് കോഹ്ലിയും വളരെ മികച്ച ബാറ്റ്‌സ്മാന്മാരും അവരുടെ റെക്കോർഡുകൾ അവർക്ക് വേണ്ടി സംസാരികുന്നുണ്ടെന്നും പറഞ്ഞ ഹർഭജൻ വിരാട് കോഹ്ലിയെക്കാൾ കഴിവ് ബാറ്റ്സ്മാനെന്ന നിലയിൽ രോഹിത് ശർമ്മയ്ക്ക് ഉണ്ടെന്നും എന്നാൽ കഠിന പ്രയത്നത്തിലൂടെയും ക്രിക്കറ്റിനോടുള്ള കടുത്ത പാഷൻ കൊണ്ടുമാണ് അവൻ ഇന്നീ നിലയിൽ എത്തിയതെന്നും തുറന്നുപറഞ്ഞു .

രണ്ട് പേരിൽ നിന്നും മികച്ച ബാറ്റ്സ്മാനെ കണ്ടെത്തുകയെന്നത് പ്രയാസമാണെന്നും ഈ ചോദ്യത്തിന് ഉത്തരം നൽകാൻ തനിക്ക് കഴിയില്ലെന്നും രണ്ട് പേരും ഇന്ത്യയ്ക്ക് വേണ്ടിയാണ് കളിക്കുന്നതെന്നത് മാത്രമാണ് പ്രധാനമെന്നും ഭാജി കൂട്ടിച്ചേർത്തു .

ഏകദിന ക്രിക്കറ്റിൽ ഇതുവരെ 222 മത്സരങ്ങൾ കളിച്ച വിരാട് കോഹ്ലി 39 സെഞ്ചുറിയടക്കം 10533 റൺസ് നേടിയിട്ടുണ്ട് . മറുഭാഗത്ത് 2013 ചാമ്പ്യൻസ് ട്രോഫിയോടെ മാത്രം മുൻനിര ബാറ്റ്സ്മാനായി മാറിയ രോഹിത് ശർമയകട്ടെ 201 മത്സരത്തിൽ നിന്നും 47.61 ശരാശരിയോടെ 7809 റൺസ് നേടിയിട്ടുണ്ട്.