Skip to content

61 പന്തിൽ 141 റൺസുമായി തമീം ഇക്ബാൽ ; കിരീടം ചൂടി കോമില വിക്ടോറിയൻസ്

ഫൈനലിൽ ധാക്ക ഡൈനാമൈറ്റ്സിനെ 17 റൺസിന് പരാജയപെടുത്തി കോമില വിക്ടോറിയൻസ് ബംഗ്ലാദേശ് പ്രീമിയർ ലീഗ് ചാമ്പ്യന്മാർ . തമീം ഇക്ബാലിന്റെ തകർപ്പൻ ബാറ്റിങ് മികവിൽ വിക്ടോറിയൻസ് ഉയർത്തിയ 200 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന ധാക്കയ്ക്ക് നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റ് നഷ്ട്ടത്തിൽ 182 റൺസ് നേടുവാനെ സാധിച്ചുള്ളൂ . 38 പന്തിൽ 66 റൺസ് നേടിയ റോണി താലുക്ഡാർ, 27 പന്തിൽ നിന്നും 48 റൺസ് നേടിയ ഉപുൽ തരംഗ എന്നിവർ മികച്ച പ്രകടനം കാഴ്ച്ചവെച്ചുവെങ്കിലും മധ്യനിര ബാറ്റ്സ്മാന്മാരുടെ മോശം പ്രകടനം ധാക്കയ്ക്ക് തിരിച്ചടിയായി .

കോമില വിക്ടോറിയൻസിനായി വഹാബ് റിയാസ് നാലോവറിൽ 28 റൺസ് വഴങ്ങി മൂന്ന് വിക്കറ്റും മൊഹമ്മദ് സൈഫുദ്ദീൻ,തിസേര പെരേര എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി . നേരത്തെ ടോസ് നഷ്ട്ടപെട്ട് ബാറ്റിങ്ങിനിറങ്ങിയ കോമില വിക്ടോറിയൻസ് 61 പന്തിൽ 141 റൺസ് നേടി പുറത്താകാതെ നിന്ന തമീം ഇക്ബാലിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ മികവിലാണ് കൂറ്റൻ സ്കോർ നേടിയത് . 10 ഫോറും 11 സിക്സും തമീം ഇക്ബാൽ അടിച്ചുകൂട്ടി .

സ്കോർ ; കോമില വിക്ടോറിയൻസ് 199/3 ( 20 ഓവർ )

ധാക്ക ഡൈനാമൈറ്റ്‌സ് – 182/9 ( 20 ഓവർ)

കോമില വിക്ടോറിയൻസിന് 17 റൺസിന്റെ വിജയം .