Skip to content

ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യം ; യുവരാജ് സിങ്

ലോകകപ്പിൽ ഇന്ത്യൻ ടീമിനൊപ്പം വിക്കറ്റ്കീപ്പർ ധോണി ഉണ്ടാകേണ്ടതിന്റെ പ്രാധാന്യത്തെ പറ്റി തുറന്നുപറഞ്ഞ് മുൻ ഇന്ത്യൻ ദേശീയടീം താരം യുവരാജ് സിങ് . ലോകകപ്പിൽ ധോണിയുടെ സാന്നിധ്യം ഇന്ത്യയ്ക്ക് അനിവാര്യമാണെന്നും തീരുമാനമെടുക്കുന്നതിലും മറ്റും വിരാട് കോഹ്ലിയെ മാർഗ്ഗനിർദ്ദേശം നൽകാൻ സാധിക്കുമെന്നും യുവരാജ് സിങ് വ്യക്തമാക്കി .

” ഒരു വിക്കറ്റ് കീപ്പർ എന്ന നിലയിൽ മത്സരം കൂടുതൽ മനസിലാക്കാൻ ധോണിയ്ക്ക് സാധിക്കും ഒരു മികച്ച ക്യാപ്റ്റൻ കൂടിയാണ് ധോണി, യുവതാരങ്ങൾക്കും വിരാട് കോഹ്ലിയ്ക്കും മാർഗ്ഗനിർദ്ദേശം നൽകുന്നതിൽ ധോണിയുടെ സാന്നിദ്ധ്യം വളരെ പ്രധാനപ്പെട്ടതാണ് . മികച്ച പരമ്പരയായിരുന്നു അവന് ഓസ്‌ട്രേലിയയിൽ ലഭിച്ചത് . പഴയത് പോലെ അവൻ ബാറ്റ് ചെയ്യുന്നത് കാണുന്നതിൽ സന്തോഷമുണ്ട് . ” 2011 ലോകകപ്പിലെ പ്ലേയർ ഓഫ് ദി ടൂർണമെന്റ് കൂടിയായിരുന്ന യുവരാജ് പറഞ്ഞു .

ഇന്ത്യൻ പ്രീമിയർ ലീഗിൽ മുംബൈ ഇന്ത്യൻസിന് വേണ്ടി കളിക്കാനൊരുങ്ങുകയാണ് യുവരാജ് സിങ്. മധ്യനിരയിൽ ടീമിന് വേണ്ടി മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അത് രോഹിത് ശർമയുടെ ജോലിഭാരം കുറയ്ക്കുമെന്നും യുവരാജ് സിങ് പ്രതീക്ഷ പ്രകടിപ്പിച്ചു .