Skip to content

157 റൺസിന്റെ വിജയലക്ഷ്യം മറികടന്നത് വെറും പത്തോവറിൽ ; ചരിത്രമെഴുതി ബ്രിസ്ബൻ ഹീറ്റ്‌

ഗ്രൂപ്പ് ഘട്ടത്തിലെ തങ്ങളുടെ അവസാന മത്സരത്തിൽ ത്രസിപ്പിക്കുന്ന വിജയവുമായി ബ്രിസ്ബൻ ഹീറ്റ്‌ . മെൽബൺ സ്റ്റാർസിനെതിരായ മത്സരത്തിൽ 10 വിക്കറ്റിന്റെ തകർപ്പൻ വിജയം സ്വന്തമാക്കിയ ബ്രിസ്ബൻ പോയിന്റ് ടേബിളിൽ നാലാം സ്ഥാനത്തെത്തുകയും ചെയ്തു .ആദ്യം ബാറ്റ് ചെയ്ത് മെൽബൺ സ്റ്റാർസ് ഉയർത്തിയ 157 റൺസിന്റെ വിജയലക്ഷ്യം 10 ഓവറിൽ വിക്കറ്റൊന്നും നഷ്ട്ടപെടാതെ ബ്രിസ്ബൻ മറികടന്നു. ഹീറ്റിനായി ബെൻ കട്ടിങ് 30 പന്തിൽ 80 ഉം മാക്സ് ബ്രയാണ്ട് 30 പന്തിൽ 71 ഉം റൺസ് നേടി പുറത്താകാതെ നിന്നു. നാല് ഫോറും അഞ്ച് സിക്സും മാക്‌സ് ബ്രയാണ്ടിന്റെ ബാറ്റിൽ നിന്നും പിറന്നപ്പോൾ മറുഭാഗത്ത് ബെൻ കട്ടിങ് നാല് ഫോറും എട്ട് സിക്സും നേടി .

പവർപ്ലേയിൽ നിന്നും 94 റൺസാണ് ഇരുവരും അടിച്ചു കൂട്ടിയത് . ബിഗ് ബാഷ് ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന പവർപ്ലേ സ്കോർ ആണിത് . ബിഗ് ബാഷ് ലീഗിലെ മൂന്നാമത്തെ മാത്രം പത്ത് വിക്കറ്റ് വിജയമാണിത് .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത മെൽബൺ സ്റ്റാർസ് 51 പന്തിൽ 81 റൺസ് നേടിയ മാർക്കസ്‌ സ്റ്റോയിനിസിന്റെ ഒറ്റയാൾ പ്രകടനത്തിന്റെ മികവിലാണ് 156/8 എന്ന ഭേദപ്പെട്ട സ്കോറിൽ എത്തിയത് . ബെൻ കട്ടിങാണ് മാൻ ഓഫ് ദി മാച്ച് . പരാജയത്തോടെ അടുത്ത മത്സരത്തിൽ വിജയിച്ചാൽ മാത്രമേ സ്റ്റാർസിന് ആദ്യ നാലിൽ സ്ഥാനം നേടാൻ സാധിക്കുകയുള്ളൂ. 13 മത്സരത്തിൽ നിന്നും 12 പോയിന്റ് നേടി 13 പോയിന്റുള്ള ബ്രിസ്ബൻ ഹീറ്റിന് പുറകിൽ അഞ്ചാം സ്ഥാനത്താണ് സ്റ്റാർസ് .