Skip to content

ഹിറ്റ്മാൻ തകർത്താടി ; കിവികൾക്കെതിരെ ഇന്ത്യയ്ക്ക് തകർപ്പൻ വിജയം

ന്യൂസിലാൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തിൽ ഇന്ത്യയ്ക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയം. ന്യൂസിലാൻഡ് ഉയർത്തിയ 159 റൺസിന്റെ വിജയലക്ഷ്യം 18.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ട്ടത്തിൽ ഇന്ത്യ മറികടന്നു . തകർപ്പൻ തുടക്കമാണ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യയ്ക്ക് വേണ്ടി രോഹിത് ശർമയും ശിഖാർ ധവാനും ചേർന്ന് നൽകിയത് . പവർ പ്ലേയിൽ ഇന്ത്യൻ സ്കോർ 50 കടത്തിയ ഇരുവരും ഓപ്പണിങ് കൂട്ടുകെട്ടിൽ 79 റൺസ് കൂട്ടിച്ചേർത്തു .ശിഖാർ ധവാൻ 31 പന്തിൽ 30 റൺസ് നേടി പുറത്തായപ്പോൾ രോഹിത് ശർമ 29 പന്തിൽ 50 റൺസ് നേടി പുറത്തായി . മൂന്ന് ഫോറും നാല് സിക്സും രോഹിത് ശർമ്മയുടെ ബാറ്റിൽ നിന്നും പിറന്നു . വിജയ് ശങ്കർ എട്ട് പന്തിൽ 14 റൺസ് നേടി പുറത്തായപ്പോൾ റിഷാബ് പന്ത് 28 പന്തിൽ 40 റൺസും ധോണി 17 പന്തിൽ 20 ഉം റൺസ് നേടി പുറത്താകാതെ നിന്നു . വിജയത്തോടെ പരമ്പരയിൽ ഇന്ത്യ ന്യൂസിലാൻഡിനൊപ്പമെത്തി .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലാൻഡിനെ 28 പന്തിൽ 50 റൺസ് നേടിയ ഡി ഗ്രാൻഡ്ഹോമെ, 36 പന്തിൽ 42 റൺസ് നേടിയ റോസ് ടെയ്ലർ എന്നിവരാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത് . ഇന്ത്യയ്ക്ക് വേണ്ടി ക്രൂനാൽ പാണ്ഡ്യ മൂന്നും ഖലീൽ അഹമ്മദ് രണ്ടും ഭുവനേശ്വർ കുമാർ, ഹർദിക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി . ക്രൂനാൽ പാണ്ഡ്യയാണ് മാൻ ഓഫ് ദി മാച്ച് .