Skip to content

ഇങ്ങനെയുള്ള ക്യാപ്റ്റനു വേണ്ടി ഞങ്ങൾ മരിക്കാനും തയ്യാറാണ് ; ദാദയെ പറ്റി ഒരു കിടിലൻ ആർട്ടിക്കിൾ

“ഇങ്ങനെയുള്ള ക്യാപ്റ്റനു വേണ്ടി ഞാൻ മരിക്കാനും തയ്യാറാണ് ”
ലോക ക്രിക്കറ്റ് കണ്ട എക്കാലത്തെയും പോരാളിയായ യുവരാജ്സിങ്ങിൻറെ വാക്കുകൾ ആണിത്.

ക്രിക്കറ്റ് എന്ന കളിയുടെ ചരിത്രത്താളുകളിൽ ചിലർ അങ്ങനെയാണ്.
പുറകെ ആര് വന്നു എത്ര ഓളങ്ങൾ സൃഷ്ടിച്ചാലും എന്നും,എപ്പോഴും ഇവരുടെ പിന്മുറക്കാർ ആയേ അറിയപ്പെടുകയുള്ളൂ.
കൊൽക്കത്തയിലെ ബെഹാല പട്ടണത്തിലെ രാജകീയ കുടുംബത്തിൽ ജനിച് ,ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ തലവര മാറ്റിയ ക്യാപ്റ്റൻ ‘സൗരവ് ഗാംഗുലി ” എന്ന നമ്മുടെ സ്വന്തം ദാദാ.
ഇദ്ദേഹത്തെ കുറിച്ചാണ് മുകളിൽ യുവി പറഞ്ഞത്.

ഇന്ത്യയിൽ കാൽപ്പന്തു കളിയുടെ നഗരമായ കൊൽക്കത്തയിൽ ജനിച്ചു വളർന്നു വന്ന സൗരവും അവിടെ ക്ലബ്ബുകൾക്കുവേണ്ടി ഫുട്ബോൾ കളിച്ചായിരുന്നു തുടക്കം.
ക്രിക്കറ്റ് പ്രാന്തനായ ചേട്ടൻ സ്നേഹാഷിഷിന്റെ ഉപദേശ പ്രകാരം ആണ് ഗാംഗുലി ക്രിക്കറ്റിലേക് തിരിയുന്നത്.
റൈറ്റ് ഹാൻഡഡ്‌ ബാറ്റസ്മാനായ സൗരവ് ലെഫ്ട് ഹാൻഡ് ശൈലിലേക് മാറിയതും അദ്ദേഹത്തിന്റെ ആത്മ സമർപ്പണം തന്നെ ആണ്.
ഇംഗ്ലീഷ് കളിക്കാരനായ ഡേവിഡ് ഗൗർ ആയിരുന്നു സൗരവിൻറെ മനസ്സിലെ ഐഡിയൽ പ്ലയെർ.

1989 -1991 കാലയളവിൽ മികച്ച ഫോം ആഭ്യന്തര ക്രിക്കറ്റിൽ കാഴ്ചവെച്ചതോടു കൂടി 1992 ൽ കരീബിയൻസിനെതിരെ ഇന്ത്യക്കു വേണ്ടി ക്യാപ് അണിയാൻ അവസരം കിട്ടി.
നിർഭാഗ്യവശാൽ ആ ഇന്നിഗ്‌സിന്‌ വെറും മൂന്ന് റൺസിന്റെ ആയുസ്സ് മാത്രമേ ഉണ്ടായുള്ളൂ.

രാജകീയ രക്തം സിരകളിൽ കൂടി ഒഴുകുന്ന ദാദാ അന്നും ഇന്നും അഭിപ്രായം വെട്ടി തുറന്ന് പറയാൻ കെൽപ്പുള്ള ചുരുക്കം ക്രിക്കറ്റ് കളിക്കാരിൽ ഒരാൾ ആയിരുന്നു.
അദ്ദേഹം ഇന്നത്തെ പലരെയും പോലെ കരിയർ അവസാനിപ്പിച്ചു പോയതിനു ശേഷം വെടി പൊട്ടിക്കുന്ന പ്രകൃതക്കാരൻ ആയിരുന്നില്ല.
അന്നും പുതിയ കളിക്കാരോടുള്ള ബോർഡിൻറെ നയം അദ്ദേഹം ചോദ്യം ചെയ്തു. പുതിയ കളിക്കാരനെ ടീമിൽ എടുക്കുന്നത് പന്ത്രണ്ടാമനായി ഗ്രൗണ്ടിൽ വെള്ളം കൊടുക്കാൻ ആണോ? എന്ന് വരെ റൂമർ പരന്നിരുന്നു.ഇതൊക്കെ കൊണ്ട് ദേശീയ ടീമിൽ നിന്നും സൗരവ് പുറത്തായി.

കൊൽക്കത്തയുടെ രാജാവ് ഇത് കൊണ്ടൊന്നും ക്രിക്കറ്റിനോടുള്ള ആവേശം അവസാനിപ്പിച്ചില്ല.
കാരണം തോൽവി സമ്മതിച്ചു കൊടുക്കാൻ കഴിയുന്ന വ്യക്തി ആയിരുന്നില്ല.അവസാന ശ്വാസം വരെയും പോരാടും,ജയം സ്വന്തമാക്കണം അതാണല്ലോ രാജകീയ പ്രൗഢി,93 മുതൽ 96 വരെ നടന്ന ആഭ്യന്തര മാച്ചുകളിൽ അദ്ദേഹം മിന്നും ഫോമിൽ ആയി.

ഇത് കാരണം 1996 -ലെ ഇംഗ്ലണ്ട് പര്യടനത്തിൽ സൗരവിനെ ഉൾെപ്പടുത്താതെ ഇരിക്കാൻ സെലെക്ഷൻ കമ്മിറ്റിക്കു കഴിഞ്ഞില്ല.

ഇംഗ്ലണ്ട് പര്യടനത്തിലെ ആദ്യ ടെസ്റ്റിൽ ഉൾപ്പെടുത്തിയില്ല. രണ്ടാം ടെസ്റ്റ് തുടങ്ങും മുൻപേ ടീമിലെ പൊട്ടി തെറിയുമായി സിദ്ദു നാട്ടിലേക്കും,സഞ്ജയ് മഞ്ജരേക്കർ പരുക്ക് മൂലം ടീമിന് പുറത്തേക്കും പോയി.
അങ്ങനെ ബോർഡിൻറെ കണ്ണിലെ കരടായി സൗരവ് നമ്മുടെ ദ്രാവിഡിൻറെ കൂടെ അസറുദ്ദിൻറെ ക്യാപ്റ്റൻസിയിൽ വീണ്ടും ഇന്ത്യക്കു വേണ്ടി പാഡണിഞ്ഞു.പിന്നീട് നടന്നത് ചരിത്രമാണ്.ക്രിക്കറ്റിന്റെ മെക്ക എന്നറിയപ്പെടുന്ന ലോർഡ്‌സ് ക്രിക്കറ്റ് ഗ്രൗണ്ടിൽ തലയെടുപ്പോടു കൂടി അരങ്ങേറ്റ ടെസ്റ്റിൽ അവിടെ സെഞ്ച്വറി നേടുന്ന ലോകത്തിലെ മൂന്നാമത്തെ ക്രിക്കറ്റെർ.രാജകീയ പ്രൗഢി നിറഞ്ഞ രാജകുമാരന്റെ ഇന്നിംഗ്സ്.അന്ന് നേടിയ 131 റൺസ് ഇന്നും സ്വർണ്ണ ലിപികളാൽ മായാതെ നിൽക്കുന്നു,ഒരു അരങ്ങേറ്റ താരം ലോർഡ്‌സിൽ നേടുന്ന ഉയർന്ന സ്കോർ.

ട്രെൻഡ് ബ്രിഡ്ജിൽ നടന്ന മൂന്നാം ടെസ്റ്റിലും അവസരം കിട്ടി, ക്രിക്കറ്റ് ദൈവത്തിന്റെ കൂടെ റൺസിന്റെ 255 പാർട്ണർഷിപ്പും,തുടർച്ചയായി രണ്ടാമത്തെ പ്രൗഢ ഗംഭീര സെഞ്ചുറിയും തൻറെ പേരിലാക്കി ഇന്ത്യൻ ക്രിക്കറ്റിനു വേണ്ടി രാജകീയ കുതിപ്പ് തുടങ്ങി.ഈ രണ്ടു ടെസ്റ്റിലും ഇന്ത്യ തോൽവി അറിഞ്ഞില്ല എന്നത് അതിലും മാധുര്യം ഉളവാക്കുന്നതാണ്.

എതിർ ക്യാപ്റ്റൻ ഫീൽഡേഴ്സിനെ നിരത്തി ഓഫ് സൈഡിൽ ഉരുക്കു കോട്ട തീർത്താലും ഓഫ് സൈഡിലൂടെ ബൗണ്ടറികൾ കൊണ്ട് മനോഹര കാവ്യം രചിച്ച ബാറ്റ്സ്മാൻ ആയിരുന്നു ദാദ.
ഫീൽഡിൽ പറക്കും ജോൺടി റോഡ്സിനെ പോലും വെല്ലുവിളിച്ച ഡിസ്ട്രക്റ്റീവ് സ്‌ക്വയർ കട്ടുകൾ സൗരവിന്‌ സ്വന്തമായിരുന്നു. സ്‌ക്വയർ ഓഫ് ദി വിക്കറ്റിൽ കളിക്കുന്ന, കവർ ഡ്രൈവും ,സ്‌ക്വയർ കട്ടും ക്രിക്കറ്റ് ആരാധകർക്ക് നയനമനോഹരമായ കാഴ്ചയാണ്.

ഓഫ്‌സൈഡിൽ ഫീൽഡർസ് നിരന്ന് നിന്നാലും അനായാസം ഓഫ്‌സൈഡ് ഫീൽഡിലെ വിടവ് കണ്ടെത്തി പന്ത് അതിർത്തി വരമ്പ് കടന്നിരിക്കും.
അതിനാൽ ആരാധകർ ഗാംഗുലിക്ക് സ്നേഹത്തോടെ ചാർത്തികൊടുത്ത നാമോദയമാണ് “ഓഫ്‌സൈഡിലെ ദൈവം ”

സ്പിന്നിനെതിരെ കണ്ണൊന്നു ചിമ്മി ക്രീസിൽ നിന്നും ചാടിയിറങ്ങി സ്റ്റെപ് ഔട്ട് ചെയ്തു കളിക്കുന്ന സിക്സുകൾ ബൗണ്ടറി റോപ്പുകളെയല്ല മറിച്ചു സ്‌റ്റേഡിയത്തിന്റെ അതിർത്തി വരമ്പുകളാണ് ഭേദിക്കുന്നത്. ലെഫ്ട് ആം സ്പിന്നേഴ്‌സിനെ ഇത്രക്കും ബ്രൂട്ടലി കൈകാര്യം ചെയ്യുന്ന ഒരു ബാറ്റ്സ്മാൻ ക്രിക്കറ്റിൽ ഉണ്ടാവില്ല.
അത് കൊണ്ട് തന്നെ ആ ഇടം കയ്യൻറെ സിക്സുകൾ അത്രക്കും മനോഹരമാണ്.
രോഹിത് -ഹിറ്റ്മാൻ ആകുന്നതിനു മുൻപ് വരെ ഗാംഗുലി ഇന്ത്യക്കു വേണ്ടി സിക്സർ നേടിയ ലിസ്റ്റിൽ മൂന്നാമൻ (190) ആയിരുന്നു.

1997 -സഹാറ കപ്പിൽ തുടർച്ചയായി നാലു മാൻ ഓഫ് ദി മാച്ച് പട്ടം സ്വന്തമാക്കിയത് ,ഇന്നും തകർക്കപ്പെടാത്ത വേൾഡ് റെക്കോർഡ് കൂടി ആണ്.
97 ൽ തന്നെയായിരുന്നു ബാറ്റിംഗ് മാത്രം അല്ല ,അങ്ങ് ബൗളിങ്ങിലും പിടിപാടുണ്ടെന്ന് തെളിയിച്ചു.ബൗളിനെ നെഞ്ചോട് ചേർത്ത് പിടിച്ചു കുണുങ്ങി,കുണുങ്ങി വന്നു മീഡിയം ഫാസ്റ്റ് വഴി എറിഞ്ഞു പച്ചകളുടെ അഞ്ചു ബാറ്സ്മാന്മാരെയാണ് അന്ന് കൂടാരം കേറ്റിയത്.പിന്നീടും പാർട്ണർഷിപ് ബ്രേക്ക് ചെയ്യാനും ,ക്രൂഷ്യൽ വിക്കറ്റ് നേടാനും ഈ ഗോൾഡൻ ആം ഇന്ത്യക്കു വേണ്ടി ഉപയോഗിച്ചു.

സച്ചിനും ഗാംഗുലിയും തമ്മിലുള്ള കൂട്ടുകെട്ട് ഗ്രൗണ്ടുകൾ പൂര പറമ്പാക്കിയിരുന്നത് ഇപ്പോഴും ഓരോ ക്രിക്കറ്റ് പ്രേമിയുടെയും മനസ്സിൽ മായാതെ നിലകൊള്ളുന്നുണ്ടാവും.ഇരുപത്തി ഒന്ന് പ്രാവശ്യം ശതക കൂട്ടുകെട്ടിൽ അംഗംങ്ങൾ ആയപ്പോൾ നമ്മൾ ആരും അറിയാത്ത ഒരു കെമിസ്ട്രി അവർ തമ്മിൽ ഉണ്ടായിരുന്നു.1998 -ൽ ലങ്ക ക്കെതിരെ ഇരുവരും നേടിയ 250 പ്ലസ് ഓപ്പണിങ് കൂട്ടുകെട്ട് ഏകദിന ക്രിക്കറ്റ് ചരിത്രത്തിലെ ആദ്യ സംഭവം ആയിരുന്നു.

1999 -വേൾഡ് കപ്പിൽ ലങ്കക്കെതിരെ ദ്രാവിഡിനെ കൂട്ട് പിടിച്ചു നേടിയ 300 പ്ലസ് പാർട്ണർഷിപ് ഫോമിൻറെ ഉത്തുങ്കശൃംഗത്തിലായിരുന്നു എന്നതിന്റെ തെളിവാണ്.കരിയർ ബെസ്റ്റ് 183 റൺസും അവിടെ സ്വന്തമാക്കി.

2000-ൽ ഇന്ത്യൻ ക്രിക്കറ്റ് പ്രമികൾക്കു ഒരിക്കലും മറക്കാൻ കഴിയാത്ത സംഭവം ആയിരുന്നു കോഴ വിവാദം.
കോഴയിൽ മുങ്ങി ആടി ഉലഞ്ഞ ഇന്ത്യൻ ക്രിക്കറ്റ് ടീമിൻറെ ക്യാപ്റ്റൻ സ്ഥാനം ക്രിക്കറ്റ് ദൈവം പോലും കൈ ഒഴിഞ്ഞു.അപ്പോഴാണ് ഇന്ത്യൻ ക്രിക്കറ്റിൽ ഒരു യുഗ പിറവി സൗരവ് ഗാംഗുലി എന്ന ക്യാപ്റ്റന്റെ ഉദയം.

2001 -ൽ ഓസ്ട്രലിയ എന്ന അജയ്യരായ പടകുതിരകൾ സ്റ്റീവോയുടെ നേതൃ പാടവത്തിൽ 15 ടെസ്റ്റ് തുടർച്ചായി ജയിച് ഇന്ത്യൻ പര്യടനത്തിന് എത്തിയത്.
ആദ്യ ടെസ്റ്റ് പത്തു വിക്കറ്റിന് കങ്കാരുക്കൾ ജയിച്ചു.അടുത്ത ടെസ്റ്റിലും സ്ഥിതിഗതികൾക്ക് മാറ്റമില്ലായിരുന്നു
ഫോളോ ഓൺ കടവുമായി ഇറങ്ങിയ ഇന്ത്യ.എന്നാൽ മറ്റേ അറ്റത്തു തോറ്റു കൊടുക്കാൻ തീരേ താല്പര്യം ഇല്ലാത്ത നമ്മുടെ ദാദ, കളിയാണെങ്കിൽ ദാദയുടെ സ്വന്തം തട്ടകമായ ഈഡൻ ഗാര്ഡന്സിലും,സൂത്ര ശാലിയായ ഇന്ത്യൻ ക്യാപ്റ്റൻറെ പിറവി.ലക്ഷ്ണമണിനെ മുന്നേ ഇറക്കിയുള്ള പരീക്ഷണം , കൂടെ വൻമതിലിന്റെ ഉറച്ച സപ്പോർട്ടും 657/7 ഡി. പിന്നെ സന്ദർഭോചിതമായി യുവ സ്പിന്നർ ഭാജിയെയും,പാർട്ട് ടൈം ബൗളർ ആയ സച്ചിനെയും ഉപയോഗിച്ച് ഇന്ത്യ വിജയം കണ്ടു.മൂന്നാം ടെസ്റ്റും വിജയിച് ഇന്ത്യ ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ കങ്കാരുക്കളുടെ കുതിപ്പിന് കടിഞ്ഞാണിട്ടു.

2002-ൽ ഇംഗ്ലണ്ടിന്റെ ഇന്ത്യൻ പര്യടനത്തിലെ, മുംബൈ വാങ്കഡെയിലെ ആറാം ഏകദിനത്തിൽ ഓൾ റൌണ്ട് പെർഫോമൻസോടു കൂടി ഫ്‌ളിന്റോഫ് ഇന്ത്യയെ പഞ്ഞിക്കിട്ടു.അവസാനം ഫ്ലിൻറ്റോഫ് ഗ്രൗണ്ടിൽ ഷർട്ട് ഊരി കറക്കി ആഘോഷം നടത്തി.
അന്ന് സായിപ്പ് അറിഞ്ഞില്ല ദാദയുടെ എട്ടിന്റെ പണി പുറകെ വരുന്നുണ്ടെന്ന്.

ആ വർഷം തന്നെ, ജൂലൈ 13 ഇംഗ്ളണ്ടിൽ നടന്ന നാട്-വെസ്റ്റ് സീരിസിലെ ഫൈനൽ മാച്ചിൽ 325 റൺസ് എന്ന ബാലികേറാമല ദാദയുടെ പിള്ളേരായ യുവിയും കൈഫും അനായാസം പിൻതുറന്നു ജയിച്ചപ്പോൾ,ലോർഡ്‌സിന്റെ പവലിയനിൽ സായിപ്പിന് മറുപടിയായി ഷർട്ട് ഊരി കറക്കി പകരം വീട്ടീ.അതാണ് ദാദ എന്ന വീറും വാശിയും അക്രമണോത്സുകതയും നിറഞ്ഞ ഇന്ത്യൻ ക്യാപ്റ്റൻ .

ഓസിസിലേക്കുള്ള പരമ്പരയിൽ തന്റെ ടീമിൽ കുംബ്ലെ കൂടെ വേണമെന്ന് ബോർഡിനോട് ശാഠ്യം പിടിച്ചതും ആ തീരുമാനം ശരിവെക്കുന്ന രീതിയിൽ ജംബോ ജെറ്റ്‌ വിക്കറ്റ് നേട്ടത്തിൽ മുൻ നിരയിലെത്തി .ഇതു സഹകളികാർക്ക് വേണ്ടി ക്യാപ്റ്റന്റെ അധികാരം കാണിച്ചു കൊടുക്കുന്നതിന്റെ നേർ കാഴ്ചയായിരുന്നു.

ക്രിക്കറ്റിനെ കേവലം ഒരു മത്സരം എന്നതിലുപരി ഒരു വികാരമായി കാണുവാൻ പഠിപ്പിച്ച താരം ആയിരുന്നു ഗാംഗുലി.തൻറെ പിള്ളേരെയും രാജ്യത്തെയും ചൊറിയാൻ വന്നാൽ ഏതു കൊലകൊമ്പൻ ആയാലും അവരെ മാന്തി പൊളിച്ചു വിട്ട ചരിത്രമാണ് ദാദയുടേത്.

ജയിക്കേണ്ട മത്സരങ്ങൾ പോലും തോൽക്കുന്ന സ്വഭാവം എൺപതുകളിലും ,തൊണ്ണൂറുകളിലും ഇന്ത്യൻ ക്രിക്കറ്റിനു ഉണ്ടായിരുന്നു.അങ്ങനെയുള്ള ടീമിനെ ആക്രമണോത്സുകതയോടെ മുന്നിൽ നിന്ന് നയിച്ച് , ജയങ്ങൾ മാത്രം സ്വന്തമാക്കുന്ന അപരാജിതരായ ഇന്നത്തെ ഇന്ത്യൻ ടീമിലേക്കുള്ള യാത്രയിൽ മുഖ്യ പങ്കു വഹിച്ച ക്യാപ്റ്റൻ ആണ് ദാദ ഗിരി.

2003വേൾഡ് കപ്പിൽ പോണ്ടിയുടെ ഓസ്‌ട്രേലിയയോട് ഫൈനലിൽ തോറ്റു റണ്ണേഴ്‌സ് അപ്പ് ആയാലും ,അത് ദാദ എന്ന ക്യാപ്റ്റന്റെ കീരിടത്തിലെ പൊൻ തൂവൽ തന്നെയാണ്.

സ്റ്റീവോ പറഞ്ഞതാണ് സത്യം “കളിക്കളത്തിൽ ഗാംഗുലിയുടെ ക്യാപ്റ്റൻസിയിൽ ഇന്ത്യൻ ടീം ഇറങ്ങുമ്പോൾ അവസാന ശ്വാസം വരെ ജയത്തിനു വേണ്ടി പൊരുതും എന്നുറപ്പാണ്,നിങ്ങൾക്ക് അദ്ദേഹത്തെ ഇഷ്ടപെടാം, ഇഷ്ടപ്പെടാതെ ഇരിക്കാം പക്ഷെ അദ്ദേഹം ടീമിന് ഒന്നടങ്കം പകർന്നു കൊടുക്കുന്ന ഊർജ്ജം നമ്മൾ ബഹുമാനിച്ചേ മതിയാകൂ ” അതേ തോൽവി സമ്മതിച്ചു കൊടുക്കാൻ ഇത്രക്കും ഇഷ്ടം ഇല്ലാത്ത മനുഷ്യൻ ,തോൽവികളോട് വെറുപ്പ് തോന്നിയ മനുഷ്യൻ അതാണ് നമ്മുടെ ദാദ.

ജോൺ റൈറ്റ് എന്ന കോച്ചിന്റെ സഹകരണത്തോടു കൂടി യുവ കളിക്കാരെ നല്ലതുപോലെ ഉപയോഗിച്ചു.അവർക്കു അവസരങ്ങൾ വാരിക്കോരി കൊടുത്തു.ഫോം ഔട്ട് ആകുന്നതിനു മുൻപേ കളിക്കാരെ പൊസിഷൻ മാറ്റിയും ,പ്രചോദനം നൽകിയും ടീമിൽ നിലനിർത്തി.അതിനു ഉത്തമ ഉദാഹരണമാണ്,മിന്നുന്ന ഫോമിൽ ആയിട്ട് പോലും തൻറെ ഓപ്പണിങ് സ്വയം ത്വജിച്ചു വീരുവിനെ സുൽത്താൻ ആക്കിയ ക്യാപ്റ്റൻ.
അതുപോലെ ധോണിയുടെ കാലിബർ മനസിലാക്കി പവർ പ്ലേയ് മുതലാക്കൻ മുൻ നിരയിൽ എത്തിച്ച ക്യാപ്റ്റന്റെ ആത്മ വിശ്വാസം ഒരിക്കലും വിസ്മരിക്കരുത്.

വീരു,കൈഫ്,യുവി ,ഹർഭജൻ ,സഹീർ ധോണി ,ഇർഫാൻ ഇവരൊക്കെ ദാദയുടെ സംഭാവനകൾ ആണ്.

ഗ്രെഗ് ചാപ്പൽ എന്ന കോച്ച് ദാദയുടെ രക്തത്തിനു വേണ്ടി മുറവിളി കൂട്ടി കൊണ്ടിരുന്നു.ശാരീരികമായും ,മാനസികവുമായി ഫോം ഇല്ലെന്ന് ബിസി സി ഐ ക്കു നോട്ടീസ് കൊടുത്തപ്പോൾ ,അയാൾ ആദരവോടെ തൻറെ സഹകളിക്കാരനും കൂടപ്പിറപ്പിനെ പോലെ ആയ ദ്രാവിഡിന് ക്യാപ്റ്റൻ സ്ഥാനംകൈമാറി ,അവസാനം ടീമിൽ നിന്ന് തന്നെ തഴയപ്പെട്ടു.

ആധുനിക ക്രിക്കറ്റിന്റെ സ്വഭാവം വെച്ച് നോൽക്കുമ്പോൾ,തന്റെ ഇന്നിങ്സ് തട്ടുപൊളിപ്പൻ അടി ,വെടി,പുക ഇതിൽ ഒതുങ്ങില്ല.നങ്കൂരം ഇട്ട് ടീമിനെ കര കേറ്റിയിരിക്കും.വീണ്ടും തിരിച്ചു വന്നു കരിയറിന്റെ അവസാനത്തിൽ ആണ് ടെസ്റ്റിലെ ബേസ്ഡ് സ്കോർ ആയ ഇരട്ട ശതകം പാകിസ്താനെതിരെ നേടുന്നത്.

ഏകദിന ക്രിക്കറ്റിൽ പതിനായിരം ക്ലബ്ബിൽ എത്തുന്ന മൂന്നാമത്തെ ലോക ക്രിക്കറ്റെർ കൂടിയാണ് സൗരവ് ഗാംഗുലി.
അതിൽ എണ്ണം പറഞ്ഞ 22 സെഞ്ചുറികളും ഉൾപ്പെടും.

2008 ൽ ഓസീസുമായുള്ള മാച്ചിലെ അവസാന സെഷൻ നിയന്ത്രിക്കാൻ ധോണി ദാദയെ ഏൽപ്പിക്കുമ്പോൾ കളി കണ്ട എന്റെ കണ്ണിൽ നിന്നും ഞാൻ അറിയാതെ അശ്രുബിന്ദുക്കൾ പൊഴിയുന്നുണ്ടായിരുന്നു.കാരണം അദ്ദേഹത്തെ കൂടപിറപ്പിനെ പോലെ നെഞ്ചിൽ ഏറ്റിയിരുന്നു ,ഇനി നമ്മുടെ ദാദ ഇന്ത്യൻ കുപ്പായത്തിൽ ഗ്രൗണ്ടിൽ കാണില്ലലോ ,കളിക്കാരുടെ തോളിൽ ഏറി ഗ്രൗണ്ടിനെ വലം വെക്കുമ്പോൾ കാലമേ ഇനിയും പിറകോട്ട് തിരിയുമോ.കളികണ്ടു മതിയായില്ല ,എന്ന് വെറുതെ മനസിനുള്ളിൽ വ്യാമോഹിച്ചു പോയി.

എല്ലാം ഉപേക്ഷിച്ചു പടിയിറങ്ങുമ്പോൾ അദ്ദേഹം സന്തോഷവാനായിരുന്നു കാരണം തന്റെ കയ്യിൽ കിട്ടിയ എട്ടാം സ്ഥാനക്കാരായ ഇന്ത്യൻ ടീം ഇന്ന് ലോകത്തിന്റെ നെറുകയിൽ ഐ സി സി റാങ്കിങ്ങിൽ രണ്ടാമത് എത്തിയിരുന്നു.

എന്നാലും എന്നെ പോലുള്ള ആരാധകർക്ക് വേദനയായിരുന്നു,എന്തെന്നാൽ എന്റെ പ്രായത്തിലുള്ള ക്രിക്കറ്റ്‌ പ്രാന്തന്മാരുടെ ബാല്യവും കൗമാരവും ആവേശത്തിലാഴ്ത്തിയത് സൗരവ് ഗാംഗുലി എന്ന ഇന്ത്യൻ ക്യാപ്റ്റൻ ആയിരുന്നു .

ദാദ എന്നാൽ ഇന്ത്യൻ ടീമിനെ യുവ രക്തങ്ങൾ കൊണ്ട് വളർത്തിയവൻ,ടീം എന്നാൽ എങ്ങനെ ആയിരിക്കണം ,ക്യാപ്റ്റൻ എന്നാൽ എവിടേം വരെ പോകണം ,അഗ്ഗ്രെസ്സിവ് ക്യാപ്റ്റൻസിയുടെ വക്താവ്,യുവ താരങ്ങളെ എങ്ങനെ ഉപയോഗിക്കാം,തന്ത്രങ്ങൾ ഉപയോഗിച്ച് പരീക്ഷണത്തിലൂടെ ടീമിനെ എങ്ങനെ വിജയത്തിലേക് നയിക്കാം.ഇതിനൊക്കെ ഒരേ ഒരു ഉത്തരമേ ഉള്ളൂ,നമ്മുടെ സ്വന്തം ദാദ ഗിരി.

പലർക്കും ഇന്ത്യൻ ടീമിൽ പകരക്കാർ വന്നു ,എന്നാൽ ബംഗാൾ കടുവ ഒഴിച്ചിട്ടു പോയ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുകയാണ്.ഇന്ത്യൻ ക്രിക്കറ്റിൽ ദാദ എന്ന വിളിക്കാൻ ഇനിയൊരു കളിക്കാരൻ ഉണ്ടാകുമോ എന്ന് കാലത്തിനു മാത്രം അറിയാം.

എഴുതിയത്..

***മുജീബ് ****