Skip to content

ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗ് മതിയാക്കുന്നു ; ഇനി കോച്ചിങ് റോളിലേക്ക്

മുൻ ന്യൂസിലാൻഡ് താരം ബ്രണ്ടൻ മക്കല്ലം ബിഗ് ബാഷ് ലീഗിൽ നിന്നും വിടവാങ്ങുന്നു . മെൽബൺ സ്റ്റാർസുമായി ഈ ആഴ്ച്ച അവസാനത്തോടെ ഗബ്ബയിൽ നടക്കുന്ന മത്സരമായിരിക്കും ബിഗ് ബാഷ് ലീഗിലെ തന്റെ അവസാന മത്സരമെന്നും ഈ വർഷം മറ്റുള്ള ട്വന്റി20 ലീഗുകളിൽ കളിക്കുന്നത് തുടരുമെന്നും അതിന് ശേഷം കോച്ചിങ് റോളിലേക്ക് ശ്രദ്ധ തിരിക്കുമെന്നും വ്യക്തമാക്കി .

2011 ലാണ് ബ്രിസ്‌ബൻ ഹീറ്റിനായി ബ്രണ്ടൻ മക്കല്ലം അരങ്ങേറ്റം കുറിച്ചത് . അതിനുശേഷം എട്ട് വർഷത്തിനിടയിൽ 34 മത്സരങ്ങൾ ബ്രിസ്‌ബൻ ഹീറ്റിനായി കളിച്ച മക്കല്ലം 27.87 ശരാശരിയിൽ 920 റൺസ് നേടിയിട്ടുണ്ട് . ഈ സീസണിൽ 13 മത്സരങ്ങളിൽ നിന്നും 23.23 ശരാശരിയിൽ 302 റൺസ് മക്കല്ലം നേടി . നേരത്തെ ഡിസംബറിൽ നടന്ന ഐപിഎൽ താരലേലത്തിൽ മക്കല്ലം അൺ സോൾഡ് ആയിരുന്നു .

2016 ലാണ് മക്കല്ലം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്നും വിരമിച്ചത് . അടുത്ത സീസണിൽ ബ്രിസ്‌ബൻ ഹീറ്റ്‌ കോച്ച് ഡാനിയേൽ വെട്ടോറിയ്ക്കൊപ്പം അസിസ്റ്റന്റ് കോച്ചായി മക്കല്ലം എത്തിയെക്കുമെന്നും റിപ്പോർട്ടുകളുണ്ട് .