Skip to content

ആഷസ് പരമ്പരയിൽ സ്മിത്തിന്റെയും വാർണറിന്റെയും സാന്നിധ്യം നിർണായകം ; ടിം പെയ്ൻ

ലോകകപ്പിന് ശേഷം നടക്കുന്ന ആഷസ് പരമ്പരയിൽ മുൻ ക്യാപ്റ്റൻ സ്റ്റീവ് സ്മിത്തിന്റെയും വൈസ് ക്യാപ്റ്റൻ ഡേവിഡ് വാർണറിന്റെയും സാന്നിധ്യം ഓസ്‌ട്രേലിയക്ക് നിർണായകമാണെന്ന് ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ടിം പെയ്ൻ . മാർച്ച് അവസാനത്തോടെ ഇരുവരുടെയും വിലക്ക് അവസാനിക്കുന്നതിനാൽ ഇരുവർക്കും പിന്നീട് നടക്കുന്ന മത്സരങ്ങളിൽ ഓസ്‌ട്രേലിയക്ക് വേണ്ടി കളിക്കുവാൻ സാധിക്കും . ശ്രീലങ്കയ്ക്കെതിരായ ടെസ്റ്റ് പരമ്പരയിൽ തകർപ്പൻ പ്രകടനമാണ് ഓസ്‌ട്രേലിയൻ ടീം പുറത്തെടുത്തത്. ബ്രിസ്ബനിൽ നടന്ന ഡേ-നൈറ്റ് ടെസ്റ്റിൽ ഒരു ഇന്നിങ്‌സിനും 40 റൺസിനും വിജയിച്ച ഓസ്‌ട്രേലിയ കാൻബറയിൽ നടന്ന രണ്ടാം മത്സരത്തിൽ 366 റൺസിന് വിജയിച്ചിരുന്നു .

” പരമ്പര വിജയിക്കുന്നതിൽ അവർക്ക് വലിയ പങ്കാണ് ഉള്ളത്. എത്രത്തോളം മികച്ച താരങ്ങളാണ് അവരെന്ന് നമുക്കറിയാം. വിലക്ക് മാറിയാൽ അവരെ തിരികെ സ്വാഗതം ചെയ്യും മുൻപത്തെ പോലെ മത്സരങ്ങൾ വിജയിക്കുകയും ചെയ്യും ” പെയ്ൻ പറഞ്ഞു .

പരിചയസമ്പന്നരായ ഇരുവരുടെയും അഭാവത്തിൽ ഓസ്‌ട്രേലിയ കഷ്ട്ടപെട്ടുവെങ്കിലും ശ്രീലങ്കയ്ക്കെതിരായ രണ്ടാം മത്സരത്തോടെ സെഞ്ചുറി ക്ഷാമത്തിന് ഓസ്‌ട്രേലിയൻ ബാറ്റ്സ്മാന്മാർ അറുതി വരുത്തിയിരുന്നു. മത്സരത്തിൽ ജോ ബേൺസ്, ട്രാവിസ് ഹെഡ്, കർട്ടിസ് പാറ്റേഴ്സൺ, ഉസ്മാൻ ഖവാജ എന്നിവർ സെഞ്ചുറി നേടിയിരുന്നു .