Skip to content

പരമ്പര നേടിയില്ലായിരുന്നുവെങ്കിൽ ആദ്യം ബാറ്റ് ചെയ്യുവാൻ ഞങ്ങൾ തയ്യാറാകില്ലാ യിരുന്നു ; രോഹിത് ശർമ

തകർപ്പൻ തിരിച്ചുവരവാണ് ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ഇന്ത്യ നടത്തിയത്. 35 റൺസിന്റെ വിജയം നേടിയ ഇന്ത്യ പരമ്പര 4-1 ന് സ്വന്തമാക്കുകയും ചെയ്തു . ടീമിനെ പരീക്ഷിക്കുന്നതിന്റെ ഭാഗമായാണ് ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുക്കാൻ താൻ തയ്യാറായതെന്നും ടോസിന് മുൻപേ പിച്ചിൽ ഈർപ്പമുണ്ടെന്നും അത് ഫാസ്റ്റ് ബൗളർമാർക്ക് സഹായകരമാകുമെന്നും അറിഞ്ഞിരുന്നുവെന്നും പരമ്പര മുൻപേ സ്വന്തമാക്കിയില്ലായിരുന്നുവെങ്കിൽ ഇത്തരത്തിലൊരു സാഹസത്തിന് തയാറാവുകയില്ലായിരുന്നുവെന്നും മത്സരശേഷം രോഹിത് ശർമ പറഞ്ഞു .

നിർണായക കൂട്ടുകെട്ട് പടുത്തുയർത്തിയ വിജയ് ശങ്കറിനെയും അമ്പാട്ടി റായുഡുവിനെയും പ്രശംസിക്കാനും ഇന്ത്യൻ ക്യാപ്റ്റൻ മറന്നില്ല. അവരുടെ 98 റൺസ് കൂട്ടുകെട്ടാണ് മത്സരത്തിൽ വഴിത്തിരിവായതെന്നും ഹർദിക് പാണ്ഡ്യയും കേദാർ ജാദവും മനോഹരമായ് രീതിയിൽ കളിച്ചുവെന്നും രോഹിത് ശർമ കൂട്ടിച്ചേർത്തു .

മത്സരത്തിൽ തുടക്കത്തിൽ തന്നെ തകർന്നടിഞ്ഞ ഇന്ത്യയെ 90 റൺസ് നേടിയ അമ്പാട്ടി റായുഡു, 45 റൺസ് നേടിയ വിജയ് ശങ്കർ എന്നിവരുടെ 98 റൺസിന്റെ കൂട്ടുകെട്ടാണ് കരകയറ്റിയത് . തുടർന്ന് 22 പന്തിൽ നിന്നും 45 റൺസ് നേടിയ പാണ്ഡ്യയും 35 റൺസ് നേടിയ കേദാർ ജാദവും തകർത്തടിച്ചതോടെ ഇന്ത്യ പൊരുതാവുന്ന സ്കോർ സ്വന്തമാക്കി .

ബുംറയെ പോലെയൊരു ബൗളറുടെ അസാന്നിധ്യത്തിലും ന്യൂസിലാൻഡിനെ പോലെയൊരു ടീമിനെതിരായ ഈ വിജയം വലിയ നേട്ടമാണെന്നും രോഹിത് ശർമ പറഞ്ഞു .