Skip to content

വിജയവഴിയിൽ തിരിച്ചെത്തി ഇന്ത്യ ; അഞ്ചാം ഏകദിനത്തിൽ തകർപ്പൻ വിജയം

ന്യൂസിലാൻഡിനെതിരായ ഏകദിന പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയും മത്സരത്തിൽ ഇന്ത്യയ്ക്ക് 35 റൺസിന്റെ തകർപ്പൻ വിജയം . വിജയത്തോടെ ഏകദിന പരമ്പര 4-1 ന് ഇന്ത്യ സ്വന്തമാക്കി. മത്സരത്തിൽ 253 റൺസിന്റെ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവികൾക്ക് 44.1 ഓവറിൽ 217 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റുകളും നഷ്ട്ടമായി .32 പന്തിൽ 44 റൺസ് നേടിയ ജെയിംസ് നീഷം, 39 റൺസ് നേടിയ ക്യാപ്റ്റൻ കെയ്ൻ വില്യംസൻ, 37 റൺസ് നേടിയ ടോം ലതാം എന്നിവർ മാത്രമേ അല്പമെങ്കിലും ഭേദപ്പെട്ട പ്രകടനം കിവികൾക്കായി കാഴ്ച്ചവെച്ചുള്ളൂ .

ഇന്ത്യയ്ക്ക് വേണ്ടി ചഹാൽ പത്തോവറിൽ 41 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റും, മൊഹമ്മദ് ഷാമി, ഹർദിക് പാണ്ഡ്യ എന്നിവർ രണ്ട് വിക്കറ്റ് വീതവും ഭുവനേശ്വർ കുമാർ, കേദാർ ജാദവ് എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ 90 റൺസ് നേടിയ അമ്പാട്ടി റായുഡു, 46 റൺസ് നേടിയ വിജയ് ശങ്കർ, 34 റൺസ് നേടിയ കേദാർ ജാദവ്, 22 പന്തിൽ 45 റൺസ് നേടിയ ഹർദിക് പാണ്ഡ്യ എന്നിവരാണ് പൊരുതാവുന്ന സ്കോറിൽ എത്തിച്ചത്.