Skip to content

വിജയവഴിയിൽ ന്യൂസിലാൻഡ് ; ഇന്ത്യയ്ക്കെതിരെ നേടിയത് അനായാസ വിജയം

ഏകദിന പരമ്പരയിലെ നാലാം മത്സരത്തിൽ ഇന്ത്യയെ ഞെട്ടിച്ച് ആതിഥേയരായ ന്യൂസിലാൻഡ് . ട്രെന്റ് ബോൾട്ടിന്റെ തകർപ്പൻ ബൗളിംഗിന് മുൻപിൽ ഇന്ത്യൻ ബാറ്റ്സ്മാന്മാർക്ക് അടിപതറിയപ്പോൾ ന്യൂസിലാൻഡ് നേടിയത് എട്ട് വിക്കറ്റിന്റെ അനായാസ വിജയം . ഇന്ത്യ ഉയർത്തിയ 93 റൺസിന്റെ വിജയലക്ഷ്യം 14.4 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ട്ടത്തിൽ കിവിപട മറികടന്നു. ഹെൻറി നിക്കോളാസ് 30 ഉം റോസ് ടെയ്ലർ 37 ഉം റൺസ് നേടി പുറത്താകാതെ നിന്നു . 14 റൺസ് നേടിയ മാർട്ടിൻ ഗപ്ടിൽ, 11 റൺസ് നേടിയ ക്യാപ്റ്റൻ വില്യംസൺ എന്നിവരുടെ വിക്കറ്റ് മാത്രമാണ് ന്യൂസിലാൻഡിന് നഷ്ട്ടമായത് .

നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയെ പത്തോവറിൽ 21 റൺസ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ട്രെന്റ് ബോൾട്ട്, മൂന്ന് വിക്കറ്റ് വീഴ്ത്തിയ ഡി ഗ്രാൻഡ്ഹോം എന്നിവരാണ് തകർത്തത്. ഒരു ഘട്ടത്തിൽ 55/8 എന്ന നിലയിലായിരുന്ന ഇന്ത്യയെ വാലറ്റത്തിൽ ചെറുത്തുനിന്ന കുൽദീപ് യാദവും ചഹാലും ചേർന്നാണ് വൻനാണകേടിൽ നിന്നും രക്ഷിച്ചത് .