Skip to content

ലോകകപ്പിൽ ഞങ്ങൾക്ക് കുറഞ്ഞ പ്രതീക്ഷ മാത്രം ; ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്‌

2019 ക്രിക്കറ്റ് ലോകകപ്പിൽ ആതിഥേയരായ ഇംഗ്ലണ്ടിനും 2011 ചാമ്പ്യൻസ് ഇന്ത്യയ്ക്കുമാണ് വിജയസാധ്യതയെന്ന് സൗത്താഫ്രിക്കൻ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ്‌ . തന്റെ ടീം ടൂർണമെന്റിൽ മത്സരിക്കുക അമിതപ്രതീക്ഷകൾ ഇല്ലാതെയാകുമെന്നും അത് ടീമിന് കൂടുതൽ ഗുണം ചെയ്യുമെന്നും ഫാഫ് പറഞ്ഞു .

മികച്ച താരങ്ങൾ ഉണ്ടായിട്ടും ഇതുവരെയും നിർഭാഗ്യം മൂലം ലോകകപ്പ് നേടുവാൻ സൗത്താഫ്രിക്കയ്ക്ക് സാധിച്ചിട്ടില്ല . ഓസ്‌ട്രേലിയയിൽ നടന്ന 2015 ലോകകപ്പിൽ ഫൈനലിലേക്ക് കടക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും കിവികളോട് പരാജയപെട്ട് സൗത്താഫ്രിക്ക പുറത്തായിരുന്നു. ഇത്തരം പരാജയങ്ങളിൽ ചോക്കേഴ്‌സെന്ന വിളിപ്പേരും സൗത്താഫ്രിക്കയ്ക്ക് നൽകി . അതിനാൽ പ്രതീക്ഷകളുടെ അമിതഭാരമില്ലാതെയാകും സൗത്താഫ്രിക്ക ഈ ലോകകപ്പിൽ എത്തുക .

കുറഞ്ഞ പ്രതീക്ഷയോടെയായിരിക്കും ഈ ലോകകകപ്പിൽ സൗത്താഫ്രിക്കയെത്തുകയെന്നും അത് ഞങ്ങളിലുള്ള സമ്മർദ്ദം കുറയ്ക്കാൻ സഹായിക്കുമെന്നും യുവതാരങ്ങളാണ് ടീമിൽ ഉള്ളതെന്നും ഈയൊരു അവസരത്തിൽ അവർ ആവേശത്തിലാണെന്നും ഫാഫ് പറഞ്ഞു.

” കഴിഞ്ഞ ടൂർണമെന്റുകളിൽ പേപ്പറുകളിൽ ഏറ്റവും ശക്തരാണെന്ന് ഞങ്ങൾക്ക് തോന്നിയിരുന്നു എന്നാൽ ക്രിക്കറ്റ് കളിക്കുന്നത് പേപ്പറിലല്ല . ഇംഗ്ലണ്ടിനും ഇന്ത്യയ്ക്കുമാണ് ഈ ലോകകപ്പിൽ കൂടുതൽ സാധ്യത ” ഫാഫ് ഡുപ്ലെസിസ് കൂട്ടിച്ചേർത്തു .