Skip to content

നിലവിലെ ഇന്ത്യൻ ടീം 80 കളിലെ വെസ്റ്റിൻഡീസ് പോലെ ; എന്നാൽ പ്രധാന പ്രശ്നം ധോണി

നിലവിലെ ഇന്ത്യൻ ക്രിക്കറ്റ് ടീം 1980 കളിലെ വെസ്റ്റിൻഡീസ് ടീം പോലെയെന്ന് മുൻ ഓസ്‌ട്രേലിയൻ താരം ഡീൻ ജോൺസ്‌ . എന്നാൽ ഓസ്‌ട്രേലിയക്കെതിരായ ഏകദിന പരമ്പരയിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെച്ച് മാൻ ഓഫ് ദി സീരീസ് നേടിയ എം എസ് ധോണിയാണ് നിലവിൽ ഇന്ത്യൻ ടീമിന്റെ പ്രധാന പ്രശ്നമെന്നും ഡീൻ ജോൺസ്‌ തുറന്നടിച്ചു . ധോണിയുടെ സാന്നിധ്യം മൂലം റിഷാബ് പന്തിനെ പോലെയൊരു താരത്തിനെ ഇന്ത്യയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ലെന്നും വെറുമൊരു ബാറ്റ്സ്മാൻ മാത്രമെന്ന രീതിയിൽ റിഷാബ് പന്തിനെ ടീമിലെടുക്കണോ എന്ന വലിയ ചോദ്യം ധോണി ഉയർത്തുന്നുവെന്നും ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിൽ ഡീൻ ജോൺസ്‌ പറഞ്ഞു.

ലോകകപ്പിനുള്ള തയ്യാറെടുപ്പുകൾക്കായി മികച്ച അവസരമാണ് ഇന്ത്യൻ ടീമിന് ഇപ്പോൾ ലഭിച്ചിരിക്കുന്നതെന്നും അതുകൊണ്ട് തന്നെ ന്യൂസിലാൻഡ് പര്യടനവും ഇന്ത്യ മികച്ച രീതിയിൽ പൂർത്തിയാക്കണമെന്നും ജോൺസ്‌ സൂചിപ്പിച്ചു .

ഓസ്‌ട്രേലിയൻ പര്യടനത്തിൽ ചരിത്രവിജയം സ്വന്തമാക്കിയ ഇന്ത്യൻ ടീമിനെ അഭിനന്ദിക്കാനും ഡീൻ ജോൺസ്‌ മറന്നില്ല .

” ഓസ്‌ട്രേലിയയിൽ ഇന്ത്യയുടെ ഏറ്റവും മികച്ച പര്യടനമായിരുന്നു നടന്നത് . ഒരേയൊരു പോരായ്മ പെർത്തിലെ പ്രകടനം മാത്രമായിരുന്നു . എന്നാൽ മറ്റ് മത്സരങ്ങളിൽ മികച്ച ഓവർസീസ് പ്രകടനം കാഴ്ച്ചവെയ്ക്കാൻ അവർക്ക് സാധിച്ചു . ടീമിലെ എല്ലാ താരങ്ങൾക്കും ഈ പര്യടനത്തിൽ മികച്ച രീതിയിൽ സംഭാവന ചെയ്യുവാൻ സാധിച്ചു . 1980 കളിലെയും 90 കളിലെയും വെസ്റ്റിൻഡീസ് ടീമിൽ നിന്നും വ്യത്യസ്തരല്ല നിലവിലെ ഇന്ത്യൻ ടീം . എതിർ ടീമിന്റെ തട്ടകത്തിൽ കേറി വിജയിക്കുമെന്നുള്ള ഭീഷണിപ്പെടുത്തുന്ന ഘടകം അവർക്കുണ്ടായിരുന്നു ഇപ്പോൾ ഇന്ത്യയ്ക്കുള്ളതും അതുതന്നെയാണ് . ലോകകപ്പിലേക്ക് പോകുമ്പോൾ അതൊരു മുതൽകൂട്ടാകും ” ഡീൻ ജോൺസ്‌ പറഞ്ഞു .