Skip to content

എൻട്രി പൂർത്തിയായി ഇനിയാണ് യഥാർത്ഥ കോഴ്‌സ് ; ഇന്ത്യയെ വെല്ലുവിളിച്ച് മുൻ താരം

ഓസ്‌ട്രേലിയൻ പര്യടനത്തിലെ ചരിത്രവിജയത്തിന് ശേഷം ന്യൂസിലാൻഡിനെതിരായ പോരാട്ടത്തിന് തയ്യാറെടുക്കുകയാണ് ഇന്ത്യൻ ടീം . ഓസ്‌ട്രേലിയക്കെതിരെ തകർപ്പൻ പ്രകടനമാണ് ഇന്ത്യൻ ടീം കാഴ്ച്ചവെച്ചത്. ടെസ്റ്റ് പരമ്പര 2-1 ന് നേടി ഓസ്‌ട്രേലിയയിൽ ടെസ്റ്റ് പരമ്പര നേടുന്ന ആദ്യ ഏഷ്യൻ ടീമായി മാറിയ ഇന്ത്യ ഏകദിന പരമ്പര 2-1 ന് സ്വന്തമാക്കിയിരുന്നു. സൗത്താഫ്രിക്കയ്ക്ക് ശേഷം ഓസ്‌ട്രേലിയയിൽ ഒരു പര്യടനത്തിൽ ഏകദിന പരമ്പരയും ടെസ്റ്റ് പരമ്പരയും നേടുന്ന ടീമെന്ന നേട്ടവും ഇന്ത്യ സ്വന്തമാക്കിയിരുന്നു. ന്യൂസിലാൻഡ് പര്യടനത്തിൽ അഞ്ച് മത്സരങ്ങൾ അടങ്ങിയ ഏകദിന പരമ്പരയും മൂന്ന് മത്സരങ്ങൾ അടങ്ങിയ ട്വന്റി20 പരമ്പരയും ഇന്ത്യ കളിക്കും . പരമ്പരയ്ക്ക് മുൻപേ ഇന്ത്യയ്ക്ക് വെല്ലുവിളിയുമായി എത്തിയിരിക്കുകയാണ് മുൻ ന്യൂസിലാൻഡ് താരം സ്കോട്ട് സ്റ്റൈറിസ്. എൻട്രീ പൂർത്തിയായെന്നും ഇനിയാണ് യഥാർത്ഥ കോഴ്‌സിനുള്ള സമയമെന്നും ട്വിറ്ററിൽ ബിസിസിഐയെ ടാഗ് ചെയ്തുകൊണ്ട് സ്റ്റൈറിസ് കുറിച്ചു.

2014 ൽ നടന്ന ന്യൂസിലാൻഡ് പര്യടനത്തിൽ മോശം പ്രകടനമാണ് ഇന്ത്യ കാഴ്ച്ചവെച്ചത് . അഞ്ച് മത്സരങ്ങളുടെ ഏകദിന പരമ്പര 4-0 ന് സ്വന്തമാക്കിയ കിവിപട ടെസ്റ്റ് പരമ്പരയിൽ 1-0 ന്റെ വിജയം നേടിയിരുന്നു .