Skip to content

അവനേക്കാൾ മികച്ച രീതിയിൽ യോർക്കർ എറിയാൻ ആർക്കും സാധിക്കില്ല ; വസിം അക്രം

ഇന്ത്യൻ ഫാസ്റ്റ് ബൗളർ ജസ്പ്രീത് ബുംറയെ പ്രശംസിച്ച് മുൻ പാകിസ്ഥാൻ ഇതിഹാസം വസിം അക്രം . നിലവിൽ ഏറ്റവും മികച്ചതും ഫലപ്രദവുമായ യോർക്കർ എറിയുന്ന ബൗളർ ബുംറയാണെന്നും വ്യത്യസ്ത ആക്ഷനുള്ള ബുംറ മറ്റുബൗളർമാരിൽ നിന്നും വ്യത്യസ്തനാണെന്നും വസിം അക്രം പറഞ്ഞു. ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് പരമ്പരയിൽ ബുംറ കാഴ്ച്ചവെച്ച തകർപ്പൻ പ്രകടനമാണ് ഇന്ത്യയുടെ ചരിത്രപരമ്പര വിജയത്തിൽ നിർണായകമായത് .

” നിലവിൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ ഏറ്റവും മികച്ചതും ഫലപ്രദവുമായ യോർക്കറുകൾ ജസ്പ്രീത് ബുംറയുടെതാണ് . മറ്റു ഫാസ്റ്റ് ബൗളർമാരിൽ നിന്നും വ്യത്യസ്തമായി അസാധാരണ ബൗളിങ് ആക്ഷനാണ് ബുംറയുടേത് . മറ്റുള്ളവരിൽ വ്യത്യസ്തമായി സ്വിങ് കിട്ടുന്നതിനൊപ്പം ഡെക്കിൽ നിന്നും മികച്ച പേസും അവന് ലഭിക്കുന്നുണ്ട് .” അക്രം പറഞ്ഞു .

” ബുംറയെ സ്പെഷ്യലാക്കുന്ന മറ്റൊരു കാര്യമെന്തെന്നാൽ സ്ഥിരതയോടെ യോർക്കർ എറിയാൻ സാധിക്കുന്നുവെന്നതാണ്. എന്നാൽ യോർക്കർ ഏകദിന ക്രിക്കറ്റിൽ മാത്രമല്ല ഞാനും വഖാർ യൂനിസും ചെയ്ത പോലെ ടെസ്റ്റ് ക്രിക്കറ്റിലും അവൻ യോർക്കർ എറിയുന്നു ” വസിം അക്രം കൂട്ടിച്ചേർത്തു .