Skip to content

ഫിഞ്ചിന് പിന്തുണയുമായി അലക്സ് കാരെ ; മാക്‌സ്‌വെൽ ഏഴാമനായി ഇറങ്ങണം

ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ ആരോൺ ഫിഞ്ചിന് പിന്തുണയുമായി വൈസ് ക്യാപ്റ്റൻ അലക്സ് കാരെ . ഫിഞ്ച് അടുത്ത മത്സരങ്ങളിൽ തകർപ്പൻ പ്രകടനം കാഴ്ച്ചവെയ്ക്കുമെന്ന് പറഞ്ഞ കാരെ ഗ്ലെൻ മാക്‌സ്‌വെല്ലിനെ ഏഴാം നമ്പർ ബാറ്റ്സ്മാനായി ഇറക്കിയ തീരുമാനത്തെ പിന്തുണക്കയും ചെയ്തു. സിംബാബ്‌വെയ്‌ക്കെതിരെ ലോകറെക്കോർഡ് സ്കോറായ 172 നേടിയ ശേഷം മികച്ച പ്രകടനം കാഴ്ച്ചവെക്കുവാൻ ലിമിറ്റഡ് ഓവർ ടീം ക്യാപ്റ്റനായ ഫിഞ്ചിന് സാധിച്ചിരുന്നില്ല . കഴിഞ്ഞ 11 മത്സരങ്ങളിൽ 47 റൺസാണ് ഫിഞ്ചിന്റെ ഉയർന്ന സ്കോർ . 2018 ജൂലൈയ്ക്ക് ശേഷം എല്ലാഫോർമാറ്റിലും 25 ഇന്നിങ്‌സ് കളിച്ച ഫിഞ്ചിന് വെറും രണ്ട് ഫിഫ്റ്റി മാത്രമേ നേടാൻ സാധിച്ചിട്ടുള്ളൂ .

ടീമിലെ ഏറ്റവും പരിചയസമ്പത്തുള്ള ബാറ്റ്സ്മാനാണ് ഫിഞ്ചെന്നും 11 ഏകദിന സെഞ്ചുറികൾ നേടിയിട്ടുള്ള ഫിഞ്ച് തുടർന്നുള്ള മത്സരങ്ങളിൽ മികച്ച പ്രകടനം ഓസ്‌ട്രേലിയക്ക് വേണ്ടി കാഴ്ച്ചവെയ്ക്കുമെന്നും കാരെ പറഞ്ഞു .

മാക്‌സ്‌വെല്ലിനെ പോലെയൊരു ബാറ്റ്സ്മാൻ ഏഴാം നമ്പർ ബാറ്റ്സ്മാനായി ഇറങ്ങുന്നത് ടീമിന്റെ ആത്മവിശ്വാസം ഉയർത്തുമെന്നും ടീമിന്റെ വിജയത്തിൽ പങ്കുവഹിക്കാൻ ഒരുപാട് പന്തുകളുടെ ആവശ്യം മാക്‌സ്‌വെല്ലിനെ പോലെയൊരു ബാറ്റ്സ്മാന് ആവശ്യമില്ലെന്നും കാരെ കൂട്ടിച്ചേർത്തു .