Skip to content

റിഷാബ് പന്ത് മറ്റൊരു ആഡം ഗിൽക്രിസ്റ്റ് ; റിക്കി പോണ്ടിങ്

ഓസ്‌ട്രേലിയക്കെതിരായ നാലാം ക്രിക്കറ്റ് ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തിന് പുറകെ ഇന്ത്യൻ വിക്കറ്റ്കീപ്പർ റിഷാബ് പന്തിനെ പ്രശംസിച്ച് മുൻ ഓസ്‌ട്രേലിയൻ ക്യാപ്റ്റൻ റിക്കി പോണ്ടിങ്. തന്റെ മുൻസഹതാരം ആഡം ഗിൽക്രിസ്റ്റുമായി പന്തിനെ ഉപമിച്ച റിക്കി പോണ്ടിങ് പന്ത് വളരെ കഴിവുള്ള താരമാണെന്നും ഡൽഹിയിൽ അവന്റെ പരിശീലകനാകാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്നും തുറന്നുപറഞ്ഞു . സിഡ്‌നിയിൽ നേടിയ തകർപ്പൻ സെഞ്ചുറിയോടെ ഓസ്‌ട്രേലിയയിൽ ടെസ്റ്റ് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ വിക്കറ്റ്കീപ്പർ എന്ന ചരിത്രനേട്ടം സ്വന്തമാക്കിയിരുന്നു .

റിഷാബ് പന്ത് കീപ്പിങ്ങിൽ ഇനിയും മെച്ചപ്പെടാൻ ഉണ്ടെന്നും പന്തിന് ഇനിയും മികച്ച ബാറ്റ്സ്മാനാകാൻ സാധിക്കുമെന്നും മറ്റൊരു ആഡം ഗിൽക്രിസ്റ്റ് ആകാൻ പന്തിന് സാധിച്ചേക്കുമെന്നും പോണ്ടിങ് കൂട്ടിച്ചേർത്തു .

” ഞങ്ങൾ എം എസ് ധോണിയെ പറ്റിയും ഇന്ത്യൻ ക്രിക്കറ്റിൽ ധോണിയുണ്ടാക്കിയ മാറ്റത്തെ പറ്റിയും സംസാരിക്കാറുണ്ട് .ധോണി ഒരുപാട് ടെസ്റ്റ് ഇന്ത്യയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട് എന്നാൽ 6 സെഞ്ചുറി മാത്രമേ ധോണിയ്ക്ക് നേടാൻ സാധിച്ചുള്ളൂ . ഈ പയ്യൻ (പന്ത്) അതിനേക്കാൾ സെഞ്ചുറി ഈ കുറഞ്ഞ കാലയളവിൽ നേടും .ഇപ്പോൾ തന്നെ രണ്ട് ടെസ്റ്റ് സെഞ്ചുറി അവൻ നേടിക്കഴിഞ്ഞു .വെറും 21 കാരനായ പന്ത് ഇപ്പോൾ കളിക്കുന്നത് അവന്റെ ഒമ്പതാം ടെസ്റ്റ് മത്സരമാണ് ” ഓസ്‌ട്രേലിയൻ ക്രിക്കറ്റ് മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പോണ്ടിങ് പറഞ്ഞു .