ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ ബാറ്റിംഗ് ശരാശരി ആർക്ക്? 

1932ൽ ടെസ്റ്റ് പദവി നേടിയ ഇന്ത്യൻ ടീം അഞ്ഞൂറിൽ പരം ടെസ്റ്റ് മത്സരങ്ങൾ കളിച്ചിട്ടുണ്ട്. ഈ 85 വർഷ കാലയളവിൽ ഇന്ത്യക്ക് വേണ്ടി വെള്ള കുപ്പായമണിഞ്ഞത് 353 താരങ്ങളാണ്. അവരിൽ 25 ടെസ്റ്റ് മത്സരത്തിലെങ്കിലും ഇന്ത്യക്ക് വേണ്ടി കളിച്ചവരിൽ ഏറ്റവും കൂടുതൽ ബാറ്റിംഗ് ശരാശരി ഉള്ള അഞ്ചു താരങ്ങൾ ആരൊക്കെയെന്ന് പരിചയപ്പെടാം 

5.വിരാട് കോഹ്ലി 

മൂന്ന് ഫോർമാറ്റിലും ഇന്ത്യൻ ടീമിന്റെ ഇപ്പോഴത്തെ നായകൻ. 2010 മുതൽ ഇന്ത്യൻ ടെസ്റ്റ് ടീമിന് വേണ്ടി കളിക്കുന്ന താരം ഇതിനോടകം തന്നെ 60 ടെസ്റ്റ് മത്സരത്തിൽ ഇന്ത്യൻ കുപ്പായമണിഞ്ഞിട്ടുണ്ട്. 

കഴിഞ്ഞ വർഷം മിന്നും ഫോമിൽ കളിച്ചിരുന്ന താരം തുടർച്ചയായി നാല് പരമ്പരകളിൽ ഇരട്ട സെഞ്ചുറി നേടി റെക്കോർഡ് ബുക്കിലിടം പിടിച്ചിരുന്നു. നിലവിൽ റാങ്കിങ്ങിൽ ആറാം സ്ഥാനത്താണ് കോഹ്ലി. ടെസ്റ്റ് ക്രിക്കറ്റിൽ 49.55 ശരാശരിയുമായി കോഹ്ലി അഞ്ചാം സ്ഥാനത്ത് ഉണ്ട് 

4.സുനിൽ ഗാവസ്‌കർ 

1970 – 85 കാല ഘട്ടത്തിൽ ഇന്ത്യൻ ടെസ്റ്റ് ബാറ്റിങ്ങിന്റെ നെടും തൂണായിരുന്ന ഇതിഹാസം. ലിറ്റൽ മാസ്റ്ററെന്ന് ക്രിക്കറ്റ് ലോകം വിശേഷിപ്പിച്ച പ്രതിഭ. വിദേശ മണ്ണിൽ ഇന്ത്യൻ ബാറ്റിംഗ് മികച്ച പ്രകടനങ്ങൾ പുറത്തെടുത്തിരുന്നതിൽ ഗാവസ്‌കർ വഹിച്ചിരുന്ന പങ്ക് വളരെ വലുതായിരുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ സെഞ്ചുറി എന്ന ഡോൺ ബ്രാഡ്‌മാൻറെ റെക്കോർഡ് തകർക്കുന്നതും ടെസ്റ്റ് ക്രിക്കറ്റിൽ ആദ്യമായി 10000 റൺസ് നേടുന്ന താരം കൂടിയായിരുന്നു ഗാവസ്‌കർ. ടെസ്റ്റ് ക്രിക്കറ്റിൽ 51.12ആണ് ഗവാസ്കറുടെ ശരാശരി 

3.രാഹുൽ ദ്രാവിഡ് 

ഇന്ത്യൻ ടീമിന്റെ വൻ മതിൽ. ഏതാണ്ട് 16 വർഷ കാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും നിർണായക ബാറ്റിംഗ് പൊസിഷനായ മൂന്നാം നമ്പറിൽ ബാറ്റ് ചെയ്ത് ഒരുപാട് റൺസ് ഇന്ത്യയിലും ഇന്ത്യക്ക് പുറത്തും വാരി കൂട്ടിയ താരം. ടെസ്റ്റിൽ ബോളർമാരുടെ ക്ഷമക്കെടുത്തി റൺസ് കണ്ടെടുക്കുന്ന ശൈലിയാണ് മറ്റു താരങ്ങളിൽ നിന്നും ദ്രാവിഡിനെ വ്യത്യസ്ഥമാക്കി നിർത്തിയിരുന്ന ഘടകം. ഇപ്പോഴും ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പന്തുകൾ നേരിട്ട താരമെന്ന റെക്കോർഡ് ദ്രാവിഡിന്റെ പേരിലാണ് 

2.ചേതേശ്വർ പൂജാര 

രാഹുൽ ദ്രാവിഡിന്റെ വിരമിക്കലിനു ശേഷം മൂന്നാം നമ്പറിലാര് എന്ന ചോദ്യത്തിന് ഉത്തരം അതാണ് ചേതേശ്വർ പൂജാര. നിലവിൽ റാങ്കിങ്ങിൽ മൂന്നാം സ്ഥാനത്ത് നിൽക്കുന്ന താരം 51 ടെസ്റ്റ് മത്സരങ്ങൾ ഇന്ത്യക്ക് വേണ്ടി കളിച്ചിട്ടുണ്ട്. ഇന്ത്യക്ക് പുറത്ത് മികച്ച പ്രകടനങ്ങൾ കുറവാണെങ്കിലും ഇന്ത്യയിൽ ടെസ്റ്റ് മത്സരങ്ങൾ നടക്കുമ്പോൾ എതിർ ടീം പുറത്താക്കാൻ ഏറ്റവും പ്രയാസം നേരിടുന്നത് പുജാരയെയാണ്. ടെസ്റ്റിൽ ഇന്ത്യ ഒന്നാം സ്ഥാനത്ത് എത്തിയതിൽ നിർണായക പങ്ക് വഹിച്ച പൂജാരയുടെ ടെസ്റ്റിലെ ശരാശരി 52.65 ആണ് 

1.സച്ചിൻ ടെണ്ടുൽക്കർ 

ക്രിക്കറ്റ് മത്സരം ഒരിക്കലെങ്കിലും കണ്ടവർക്ക് പരിചയപ്പെടുത്തേണ്ട ആവശ്യമില്ലാത്ത പേര്‌. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ റൺസ് സെഞ്ചുറി തുടങ്ങിയ എല്ലാ റെക്കോർഡും സ്വന്തം പേരിലുള്ള സച്ചിനു തന്നെയാണ് ഇന്ത്യൻ ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ശരാശരി. ടെസ്റ്റ് ക്രിക്കറ്റിൽ 15921 റൺസ് നേടിയ സച്ചിന്‍റെ ആവറേജ് 53.79 ആണ്