Skip to content

മക്കല്ലം ദി സ്റ്റോറി

പരിശീലനത്തിനിടെ തെറ്റായ ഒരു ഷോട്ട് കളിച്ച വെസ്റ്റ് ഇന്‍ഡീസിലെ ഒരു കുട്ടിയെ തിരുത്താന്‍ ചെന്ന ഒരു കോച്ചിന്റെ കഥ സി.എല്‍.ആര്‍ ജെയിംസ് എന്ന പ്രസിദ്ധനായ എഴുത്തുകാരന്റെ പുസ്തകത്തില്‍ പറയുന്നുണ്ട്.നിന്‍റെ പാദചലനങ്ങള്‍ ശരിയല്ലായിരുന്നു എന്ന് പറഞ്ഞ കോച്ചിനോട് ആ ബാലന്‍ പറഞ്ഞ മറുപടി ഇതായിരുന്നു . “ശരിയായിരിക്കാം ,പക്ഷെ നിങ്ങള്‍ ആദ്യം പന്ത് എവിടെയാണ് എന്ന് നോക്കൂ .” പന്ത് ബൌണ്ടറി കടന്നിരുന്നു . ആ പയ്യന്റെ പിന്മുറക്കാരായ ക്രിക്കറ്റര്‍മാരെ നമ്മള്‍ ഒരുപാട് കണ്ടിട്ടുണ്ട് . നേരിടുന്ന ആദ്യത്തെ പന്ത് ,49 ,99 എന്നിങ്ങനെയുള്ള ലാന്‍ഡ് മാര്‍ക്കുകള്‍ ഒന്നും അലട്ടാതിരിക്കുന്ന ഒരു ജനുസ്സ് ക്രിക്കറ്റര്‍മാര്‍ .നമുക്കവരെ വീരേന്ദ്ര സെവാഗ് ,ക്രിസ് ഗെയില്‍ ,ബ്രെണ്ടന്‍ മക്കല്ലം എന്നിങ്ങനെ പല പേരുകളിട്ട് വിളിക്കാം .ഒരു ബൌളര്‍ പന്ത് റിലീസ് ചെയ്തു കഴിഞ്ഞാല്‍ അത് ബൌണ്ടറി ലൈനിനപ്പുറത്ത് തന്നെ ലാന്‍ഡ് ചെയ്യണം എന്ന നിര്‍ബന്ധം പക്ഷെ ഇവര്‍ക്കുണ്ടായിരുന്നു. .അവരുടെ ഫുട്ട് വര്‍ക്കിനെ പറ്റി ,സാങ്കേതിക മികവിനെ പറ്റി ആലോചിച്ചു നമ്മള്‍ ആകുലപ്പെടെണ്ട കാര്യമില്ല.മാത്രമല്ല പല ഘട്ടങ്ങളിലായി ടെസ്റ്റ്‌ ക്രിക്കറ്റില്‍ നീണ്ട ഇന്നിംഗ്സുകള്‍ കളിക്കാനും തങ്ങള്‍ക്ക് സാധിക്കും എന്നവര്‍ തെളിയിച്ചിട്ടുമുണ്ട്.

ടൈമിംഗ് കൊണ്ട് അനുഗ്രഹീതനായ ഒരു ബാറ്റ്സ്മാന്‍ തന്‍റെ വിരമിക്കലിന് തിരഞ്ഞെടുത്ത സമയം തെറ്റായിരുന്നോ എന്ന സംശയം ഉയര്‍ത്തി കൊണ്ട് അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും വിട വാങ്ങിയ ബ്രെണ്ടന്‍ മക്കല്ലം ലോകത്തെ വിവിധ ടി-ട്വെന്റി ലീഗുകളില്‍ ഇന്നും ഒരു ക്രൌഡ് പുള്ളര്‍ തന്നെയാണ് . എന്ത് കൊണ്ട് വിരമിക്കുന്നില്ല എന്ന വേദനാജനകമായ ഒരുപക്ഷെ അപമാനകരമായ ചോദ്യത്തിനെക്കാള്‍ എന്തിനു വിരമിക്കുന്നു എന്ന ചോദ്യം കേള്‍ക്കുന്നതിനാകും ഏതൊരു കായികതാരവും കൊതിക്കുക. ലോകത്തെ ഏതൊരു ടീമിലും അനായാസം കയറിച്ചെല്ലാന്‍ സഹായിക്കുന്ന പ്രഹരശേഷി കയ്യിലുള്ളപ്പോഴാണ് അയാള്‍ അന്താരാഷ്ട്ര കരിയറിന് വിരാമമിട്ടത്..അയാള്‍ മഹാനായ ഒരു ബാറ്റ്സ്മാനല്ലായിരുന്നു ,പക്ഷെ അയാള്‍ ക്രിക്കറ്റ് എന്ന ഗെയിം കണ്ടതില്‍ വച്ചേറ്റവും മികച്ച എന്റര്‍ടെയിനര്‍മാരുടെ ലിസ്റ്റില്‍ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്നു.പോരാത്തതിനു ലോകോത്തര ഫീല്‍ഡറും . എത്രയെത്ര അവസരങ്ങളില്‍ ബൌണ്ടറി എന്നുറപ്പിച്ച പന്തുകള്‍ അയാള്‍ അവിശ്വസനീയമാം വിധം സേവ് ചെയ്തിരിക്കുന്നു.

ചിത്രത്തില്‍ ഡിര്‍ക്ക് നാന്‍സും ഷോണ്‍ ടെയിറ്റും ബാറ്റ്സ്മാനെ പരിഹസിച്ചു കൊണ്ട് ചിരിക്കുന്നതല്ല .ഒരു ബാറ്റ്സ്മാന്റെ പ്രഹരശേഷി മുഴുവനായും അനുഭവിച്ചതിനു ശേഷമുള്ള Admiration മാത്രമാണത് .2010 ഫിബ്രവരിയില്‍ ഓസ്ട്രേലിയക്കെതിരെ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടന്ന രണ്ടാം ടി.ട്വെന്റി മത്സരത്തില്‍ അയാള്‍ കളിച്ച കളി പിന്നീടും അയാള്‍ മാത്രമേ കളിക്കുന്നത് കണ്ടിട്ടുള്ളൂ.ഷോണ്‍ ടെയ്റ്റും ഡിര്‍ക്ക് നാന്‍സും വര്‍ഷിച്ച 150 കി.മി പന്തുകളെ നിസ്സാരമായി സ്കൂപ്പ് ചെയ്തു അതിര്‍ത്തി കടത്തിയ മക്കല്ലം ആയിടക്ക് തന്‍റെ നേരെയുയര്‍ന്ന വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നില്ല,തന്‍റേതായ ദിവസം താനെത്ര മാത്രം വിനാശകാരിയാണെന്ന് ഓര്‍മിപ്പിക്കുക മാത്രമായിരുന്നു അയാള്‍ അന്ന് ചെയ്തത് .അല്ലെങ്കിലും പേസ് മക്കല്ലത്തെ വിഷമിപ്പിക്കുന്നത്
ഒരിക്കലും കണ്ടിട്ടില്ല.

ന്യുസിലാന്റ്റ് കണ്ട ഏറ്റവും മികച്ച ക്യാപ്റ്റന്‍ സ്റ്റീഫന്‍ ഫ്ലെമിംഗ് ,ഫ്ലെമിംഗിന് ശേഷം പലരും വന്നു പോയി.പക്ഷെ ഫ്ലെമിംഗിന് ശേഷം ന്യുസിലാന്റിനു ഒരു ക്യാപ്റ്റന്‍ ഉണ്ടെന്നു തോന്നിയത് ,ക്യാപ്റ്റന്റെ കയ്യില്‍ ഒരു ഗെയിം പ്ലാന്‍ ഉണ്ടെന്നു തോന്നിയത് ,കളിക്കാരെ പ്രചോദിപ്പിക്കാന്‍ ഒരു ന്യുസിലാന്റ്റ് ക്യാപ്റ്റനു കഴിയുന്നുണ്ട് എന്ന് തോന്നിയത് (വെറ്റോറി ക്ഷമിക്കുക)ആരാധകരുടെ പ്രിയപ്പെട്ട ബാസ് നായകസ്ഥാനം ഏറ്റെടുത്ത ചുരുങ്ങിയ കാലയളവില്‍ മാത്രമായിരുന്നു..2014 ല്‍ 12 മണിക്കൂറിലധികം ക്രീസില്‍ ചിലവഴിച്ചു ഇന്ത്യക്കെതിരെ ടെസ്റ്റില്‍ നേടിയ ട്രിപ്പിള്‍ സെഞ്ച്വറി മക്കല്ലം എന്ന ബാറ്റ്സ്മാന്റെ മറ്റൊരു മുഖം കാട്ടിത്തന്നു.അപൂര്‍വമായൊരു കാഴ്ചയായിരുന്നു അത്. അയാളുടെ കരിയറില്‍ അത്തരം പ്രവര്‍ത്തികള്‍ അതിനു മുന്‍പും പിന്നീടും ചെയ്തിട്ടുമില്ല.ക്ഷമ അതൊരിക്കലും അയാള്‍ ആഗ്രഹിച്ചിരുന്ന ഗുണവുമായിരുന്നില്ല .ക്രിസ് ഗെയിലിനു ക്ര്യത്യമായ ഒരു ഹിറ്റിംഗ് സോണ്‍ ഉണ്ടെന്നു എപ്പോഴും തോന്നിയിട്ടുണ്ട്.ഹിറ്റിംഗ് സോണില്‍ വരുന്ന പന്തുകള്‍ ഗാലറിയില്‍ തന്നെയാകും എത്തിച്ചേരുക എങ്കിലും അയാളെ ഒരു മികച്ച ബൌളര്‍ക്ക് നിയന്ത്രിക്കാന്‍ കഴിയും.മക്കല്ലം പക്ഷെ ക്ര്യത്യമായ ഒരു ഹിറ്റിംഗ് സോണിനുള്ളില്‍ ഒതുങ്ങുന്ന ബാറ്റ്സ്മാനെ അല്ല എന്നതാണ് സത്യം.സ്റ്റെപ് ഔട്ട്‌ ചെയ്തും അല്ലാതെയും ഓഫ് സൈഡിലൂടെ ഏതൊരു പന്തും അതിര്‍ത്തി കടത്താന്‍ കഴിവുള്ള അയാള്‍ക്ക് ഷോര്‍ട്ട് പിച്ച് പന്തുകളും ഒരു ഭീഷണിയാകാറില്ല .അമിതമായ ആക്രമണത്വര മാത്രമാണ് അയാളുടെ ബാറ്റിംഗ് ശരാശരികളെ ബാധിച്ചിട്ടുള്ളത് സ്വയം നിയന്ത്രിക്കാന്‍ ശ്രമിക്കാതെ ആക്രമണം അഴിച്ചു വിടുന്ന രീതിയാണ് ഗെയിലിനേക്കാള്‍ വൈഡ് റെഞ്ച് ഓഫ് ഷോട്ട്സ് കയ്യില്‍ ഉണ്ടായിട്ടും അയാളുടെ ഇമ്പാക്റ്റ് പലപ്പോഴും ഗെയിലിനു പുറകില്‍ നില്‍ക്കുന്നത് .സത്യത്തില്‍ അതിരുകള്‍ക്കപ്പുറത്തെക്ക് സ്വീകരിക്കപ്പെട്ട അപൂര്‍വ്വം കളിക്കാരില്‍ ഒരാളല്ലേ അയാള്‍ ? സ്വന്തം ടീമിലെ ബൌളര്‍മാരെ നിര്‍ദ്ദയം പ്രഹരിക്കുമ്പോഴും അനിഷ്ടം തോന്നാത്തൊരു കളിക്കാരന്‍.ആരാധകരുടെ പ്രിയപ്പെട്ട ബാസ് …