Skip to content

ഷഹീൻ അഫ്രീദിയെ മൂന്ന് വർഷത്തെ കരാറിൽ ടീമിലെത്തിച്ച് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉടമകളുടെ ടീം

യു എ ഇയുടെ ടി20 ലീഗായ ഇൻ്റർനാഷണൽ ലീഗ് ടി20 യിൽ കളിക്കുവാനൊരുങ്ങി പാകിസ്ഥാൻ സ്റ്റാർ പേസർ ഷഹീൻ അഫ്രീദി. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകളായ ഡെസർട്ട് വൈപേഴ്സാണ് പാക് പേസറെ സ്വന്തമാക്കിയിരിക്കുന്നത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൻ്റെ ഉടമകളായ ഗ്ലേസർ ഫാമിലിയാണ് ഡെസർട്ട് വൈപേഴ്സിൻ്റെയും ഉടമകൾ. ലീഗിലെ മറ്റു 5 ടീമുകളുടെ ഉടമകൾ എല്ലാം തന്നെ ഇന്ത്യയ്ക്കാരാണ്. കഴിഞ്ഞ സീസണിൽ പാക് താരങ്ങൾ ആരും തന്നെ ലീഗിൽ കളിച്ചിരുന്നില്ല. എന്നാൽ ഇക്കുറി താരങ്ങൾക്ക് noc നൽകുവാൻ തയ്യാറായിരിക്കുകയാണ് പാക് ക്രിക്കറ്റ് ബോർഡ്. എന്നാൽ മറ്റു ടീമുകൾ പാക് താരങ്ങളുമായി കരാറിൽ ഏർപ്പെടുമോയെന്ന കാര്യം സംശയമാണ്.

ടി20 ക്രിക്കറ്റിൽ മികച്ച പ്രകടനമാണ് ഷഹീൻ അഫ്രീദി തുടരുന്നത്. ഈ ഫോർമാറ്റിൽ 162 മത്സരങ്ങളിൽ നിന്നും 229 വിക്കറ്റ് താരം നേടിയിട്ടുണ്ട്. കൂടാതെ കഴിഞ്ഞ കാലയളവിൽ ബാറ്റിങിലും ഏറെ മെച്ചപെടുവാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഷഹീൻ അഫ്രീദിയെ പോലെ ലോകോത്തര താരത്തെ ടീമിലെത്തിക്കാൻ സാധിച്ചതിൽ സന്തോഷമുണ്ടെന്നും ഷഹീൻ്റെ കഴിവുകൾ ടീമിന് മുതൽ കൂട്ടാകുമെന്നും ടീമിൻ്റെ ഡയറക്‌ടർ ടോം മൂഡി പറഞ്ഞു.

ഷഹീൻ അഫ്രീദിയെ കൂടാതെ ഹസരങ്ക, പതിരാന, ഷെൽഡൻ കോട്രൽ, ടോം കറൻ എന്നിവർ അടങ്ങിയ മികച്ച ബൗളിങ് നിര ടീമിനുണ്ട്.