ദിയോധർ ട്രോഫി ചാമ്പ്യന്മാരായി സൗത്ത് സോൺ. ഈസ്റ്റ് സോണിനെതിരായ ഫൈനൽ പോരാട്ടത്തിൽ 45 റൺസിന് വിജയിച്ചുകൊണ്ടാണ് സൗത്ത് സോൺ ചാമ്പ്യന്മാരായത്. മലയാളി താരം രോഹൻ കുന്നുമ്മലാണ് മത്സരത്തിൽ വിജയശിൽപ്പിയായത്.
മത്സരത്തിൽ സൗത്ത് സോൺ ഉയർത്തിയ 329 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന ഈസ്റ്റ് സോണിന് 46.1 ഓവറിൽ 283 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി. 65 പന്തിൽ 8 ഫോറും 5 സിക്സും ഉൾപ്പെടെ 95 റൺസ് നേടിയ റിയാൻ പരാഗ് തിളങ്ങിയെങ്കിലും ഈസ്റ്റ് സോണിന് വിജയം നേടുവാനായില്ല.
സൗത്ത് സോണിന് വേണ്ടി വാഷിങ്ടൺ സുന്ദർ മൂന്ന് വിക്കറ്റ് നേടി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത സൗത്ത് സോൺ സെഞ്ചുറി നേടിയ രോഹൻ കുന്നുമ്മലിൻ്റെ മികവിലാണ് മികച്ച സ്കോർ നേടിയത്. 75 പന്തിൽ 11 ഫോറും 4 സിക്സും ഉൾപ്പടെ 107 റൺസ് താരം അടിച്ചുകൂട്ടി. മായങ്ക് അഗർവാൾ 63 റൺസും ജഗദീഷൻ 54 റൺസും നേടി.