Skip to content

ക്രീസിൽ കോഹ്ലിയും രഹാനെയും !! വിജയപ്രതീക്ഷ കൈവിടാതെ പോരാടി ഇന്ത്യ

ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ വിജയത്തിനായി പോരാടി ഇന്ത്യ. ഓസ്ട്രേലിയ ഉയർത്തിയിരിക്കുന്നത് കൂറ്റൻ വിജയലക്ഷ്യം ആണെങ്കിൽ കൂടിയും ഇന്ത്യൻ ടീമിൻ്റെ പോരാട്ടവീര്യത്തെ അത് ബാധിച്ചില്ല. ക്യാപ്റ്റൻ രോഹിത് ശർമ്മ സമ്മാനിച്ച മികച്ച തുടക്കമാണ് ഇന്ത്യയ്ക്ക് ഊർജം പകർന്നത്.

444 റൺസിൻ്റെ വമ്പൻ വിജയലക്ഷ്യവുമായി ഇറങ്ങിയ ഇന്ത്യ നാലാം ദിനം അവസാനിക്കുമ്പോൾ 3 വിക്കറ്റ് 164 നഷ്ടത്തിൽ റൺസ് നേടിയിട്ടുണ്ട്. 44 റൺസ് നേടിയ വിരാട് കോഹ്ലിയും 20 റൺസ് നേടിയ അജിങ്ക്യ രഹാനെയുമാണ് ഇന്ത്യയ്ക്കായി ക്രീസിലുള്ളത്. വിജയിക്കാൻ ഇനി 280 റൺസ് ഇന്ത്യയ്ക്ക് വേണം.

60 പന്തിൽ 43 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെ ഇന്നിങ്സാണ് ഇന്ത്യൻ റൺ ചേസിന് ഊർജം പകർന്നത്. 19 പന്തിൽ 18 റൺസ് നേടിയ ശുഭ്മാൻ ഗിൽ തേർഡ് അമ്പയറുടെ വിവാദ തീരുമാനം കാരണം പുറത്തായപ്പോൾ പുജാര 47 പന്തിൽ 27 റൺസ് നേടി.

നേരത്തെ 173 റൺസിൻ്റെ ലീഡ് നേടിയ ഓസ്ട്രേലിയ 8 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടി ഇന്നിങ്സ് ഡിക്ലയർ ചെയ്തുകൊണ്ടാണ് ഇന്ത്യയ്ക്ക് മുൻപിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തിയത്. 66 റൺസ് നേടിയ അലക്സ് കാരിയാണ് ഓസ്ട്രേലിയയുടെ ടോപ്പ് സ്കോറർ. സ്റ്റാർക്ക് 41 റൺസ് നേടി. ഇന്ത്യയ്ക്കായി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും മൊഹമ്മദ് ഷാമി, ഉമേഷ് യാദവ് എന്നിവർ രണ്ട് വിക്കറ്റ് വീതം നേടി.