ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ പോരാട്ടത്തിൽ ഇന്ത്യയ്ക്ക് മുൻപിൽ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഓസ്ട്രേലിയ. നാലാം ദിനം തുടക്കത്തിൽ വിക്കറ്റുകൾ നേടിയെങ്കിലും കുറഞ്ഞ സ്കോറിൽ ഓസ്ട്രേലിയയെ ഒതുക്കാൻ ഇന്ത്യയ്ക്ക് സാധിക്കില്ല.
രണ്ടാം ഇന്നിങ്സിൽ 8 വിക്കറ്റ് നഷ്ടത്തിൽ 270 റൺസ് നേടിയാണ് ഓസ്ട്രേലിയ ഡിക്ലയർ ചെയ്തത്. നാലാം ദിനത്തിലെ തുടക്കത്തിൽ കാമറോൺ ഗ്രീനിനെയും മാർനസ് ലാബുഷെയ്നെയും പുറത്താക്കിയെങ്കിലും അലക്സ് കാരി – മിച്ചൽ സ്റ്റാർക്ക് കൂട്ടുകെട്ട് വിജയലക്ഷ്യം 400 കടത്തുകയായിരുന്നു. അലക്സ് കാരി 66 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ മിച്ചൽ സ്റ്റാർക്ക് 57 പന്തിൽ 41 റൺസ് നേടി.
ഇന്ത്യയ്ക്ക് വേണ്ടി രവീന്ദ്ര ജഡേജ മൂന്ന് വിക്കറ്റും ഉമേഷ് യാദവ്, മൊഹമ്മദ് ഷാമി എന്നിവർ രണ്ട് വിക്കറ്റ് വീതവും മൊഹമ്മദ് സിറാജ് ഒരു വിക്കറ്റും നേടി.