Skip to content

അരങ്ങേറ്റ മത്സരത്തിൽ മികവ് പുലർത്താനാകാതെ പതിരാന

ഏകദിന ക്രിക്കറ്റിലെ തൻ്റെ അരങ്ങേറ്റ മത്സരത്തിൽ മികവ് പുലർത്താനാകാതെ ചെന്നൈ സൂപ്പർ കിങ്സിൻ്റെ ശ്രീലങ്കൻ പേസർ മതീഷ പതിരാന. അഫ്ഗാനിസ്ഥാനെതിരായ മത്സരത്തിൽ ഒരു വിക്കറ്റ് നേടിയെങ്കിലും താരം എക്സ്പെൻസീവാകുകയായിരുന്നു.

റൺസ് അധികം പിറക്കാത്ത മത്സരം ആയിരുന്നിട്ടുകൂടി 8.5 ഓവർ എറിഞ്ഞ താരത്തിനെതിരെ 66 റൺസ് അഫ്ഗാനിസ്ഥാൻ അടിച്ചുകൂട്ടി. 80 പന്തിൽ 55 റൺസ് നേടിയ റഹ്മത് ഷായുടെ വിക്കറ്റാണ് താരം വീഴ്ത്തിയത്. 16 എക്സ്ട്രാസ് താരം വിട്ടുകൊടുത്തു.

ഇക്കഴിഞ്ഞ ഐ പി എല്ലിൽ ചെന്നൈ സൂപ്പർ കിങ്സിനായി മികച്ച പ്രകടനം ഈ യുവതാരം കാഴ്ച്ചവെച്ചിരുന്നു. സീസണിൽ എം എസ് ധോണിയുടെ വിശ്വസ്തനായ ഡെത്ത് ബൗളർ കൂടിയായിരുന്നു താരം. ശ്രീലങ്കൻ ക്രിക്കറ്റിലെ അടുത്ത സൂപ്പർതാരമായി പതിരാന മാറുമെന്നും ധോണി സീസണിൽ തുറന്നുപറഞ്ഞിരുന്നു. സീസണിൽ 12 മത്സരങ്ങളിൽ നിന്നും 19 വിക്കറ്റ് താരം വീഴ്ത്തിയിരുന്നു.

മത്സരത്തിലേക്ക് വരുമ്പോൾ ശ്രീലങ്കയെ അഫ്ഗാനിസ്താൻ 6 വിക്കറ്റിന് പരാജയപെടുത്തി. ശ്രീലങ്ക ഉയർത്തിയ 269 റൺസിൻ്റെ വിജയലക്ഷ്യം 46.5 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ അഫ്ഗാനിസ്താൻ മറികടന്നു.